22 April, 2026 04:42:48 PM


മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടം; ഒരാൾ കൂടി മരിച്ചു



തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടത്തില്‍ ഒരാൾ കൂടി മരിച്ചു. പട്ടാമ്പി സ്വദേശി പ്രവീണ്‍ ആണ് മരിച്ചത്. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം പതിനാലായി. സ്ഫോടനം നടക്കുമ്പോൾ ആകെ 36 പേരാണ് വെടിക്കെട്ടുപുരയില്‍ ഉണ്ടായിരുന്നതെന്നാണ് ജില്ലാ കളക്ടർ സ്ഥിരീകരിക്കുന്നത്.

പതിമൂന്നുപേരാണ് ചികിത്സയിലുളളത്. ഇതില്‍ അഞ്ചുപേര്‍ ഗുരുതരാവസ്ഥയിലാണ്. രണ്ടുപേര്‍ വെന്റിലേറ്ററിലും. ഒരാള്‍ക്ക് ഇപ്പോള്‍ അടിയന്തര സര്‍ജറി കഴിഞ്ഞിട്ടുണ്ട്. 11 പേര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ് ചികിത്സ തേടിയത്. രണ്ടുപേര്‍ ജൂബിലി മിഷന്‍ ആശുപത്രിയിൽ ചികിത്സയിലാണ്. അപകട സമയത്ത് സ്ഥലത്തുണ്ടായിരുന്ന നാലുപേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പത്തുപേര്‍ സുരക്ഷിതരായി വീട്ടിലെത്തി എന്നാണ് ജില്ലാ കളക്ടര്‍ നല്‍കുന്ന വിവരം.

വെടിമരുന്ന് ദുരന്തം കനത്ത ചൂട് കാരണമല്ലെന്നാണ് പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പെസോ) വിലയിരുത്തല്‍. ചൂടുമൂലം സ്‌ഫോടക വസ്തുക്കള്‍ പൊട്ടിതെറിക്കാന്‍ സാധ്യത കുറവാണെന്ന് പെസോയുടെ നിഗമനം. ഷോട്ട് സര്‍ക്യൂട്ട് ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം. ഇലക്ട്രിക്കല്‍ ഇന്‍സ്പക്ട്രേറ്റ് പരിശോധന നടത്തുമെന്നും പെസോ വ്യക്തമാക്കി. സംഭവ സ്ഥലത്ത് പരിശോധന നടത്തിയ ശേഷമാണ് പെസോ ഉദ്യോഗസ്ഥര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

അപകടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം. ജസ്റ്റിസ് സി എന്‍ രാമചന്ദ്രനായിരിക്കും അന്വേഷണം നടത്തുക. അപകടത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിക്കും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപ വീതം നല്‍കാനും ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 306