27 March, 2026 04:17:37 PM


കോൺഗ്രസ് നേതാക്കൾ അണികളെ ചതിക്കുന്നു- കൊയ്യം ജനാര്‍ദ്ദനന്‍



കണ്ണൂര്‍: വൈകാരിക പ്രതികരണവുമായി തളിപ്പറമ്പില്‍ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കൊയ്യം ജനാര്‍ദ്ദനന്‍. കോണ്‍ഗ്രസ് പരിശുദ്ധമാണെന്നും അതിനെ തകര്‍ക്കുന്ന നേതാക്കള്‍ക്ക് കൊടുക്കുന്ന സന്ദേശമാണ് തന്റെ സ്ഥാനാര്‍ത്ഥിത്വം എന്നും കൊയ്യം ജനാര്‍ദ്ദനന്‍ പറഞ്ഞു. നോമിനേഷന്‍ സമര്‍പ്പിക്കാന്‍ ആവശ്യമായ പൈസ പോലും കൈയ്യിലുണ്ടായിരുന്നില്ലെന്ന സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു കൊയ്യം ജനാര്‍ദ്ദനന്റെ വൈകാരിക പ്രതികരണം.

സ്ഥാനാർഥിയാകാൻ യോഗ്യതയുള്ള നൂറുകണക്കിന് പേർ യുഡിഎഫിലുള്ളപ്പോൾ എൽഡിഎഫ് വിട്ടെത്തിയ ടി.കെ. ഗോവിന്ദനെ പിന്തുണച്ചതിലൂടെ നേതാക്കൾ അണികളെ ചതിക്കുകയാണ് ചെയ്യുന്നതെന്ന് ജനാർദനൻ പ്രതികരിച്ചു. വിതുമ്പിക്കൊണ്ടായിരുന്നു കൊയ്യം ജനാർദനൻ്റെ പ്രതികരണം. കോൺഗ്രസ് പാർട്ടി പരിശുദ്ധമാണ്, പാർട്ടിയെ തകർക്കുന്നത് ഒരു വിഭാഗം നേതാക്കളാണെന്നും ജനാർദനൻ പറഞ്ഞു.

'കൊയ്യം ജനാര്‍ദ്ദനന്റെ കൈയ്യില്‍ പൈസയില്ലെന്നും അദ്ദേഹത്തിനൊപ്പം നിന്നിട്ട് കാര്യമില്ലെന്നുമാണ് ഇവിടെയുള്ളവര്‍ പറയുന്നത്. ശരിയാണ്. എന്റെ കയ്യില്‍ പണം ഇല്ല. അക്കൗണ്ടിലുള്ളത് 304 രൂപയാണെന്ന് നോമിനേഷന്‍ പേപ്പര്‍ പരിശോധിച്ചാല്‍ മനസ്സിലാകും. മകള്‍ അയച്ചു തന്ന പൈസ കൊണ്ടാണ് നോമിനേഷന്‍ കൊടുത്തത്. 53 കൊല്ലം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിട്ട് ഒന്നും സമ്പാദിച്ചിട്ടില്ല. ജനങ്ങള്‍ക്ക് വേണ്ടിയാണ് ജീവിച്ചത്. എന്നെ സഹായിക്കാന്‍ ജനങ്ങളൊരുപാട് ഉണ്ട്. സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്മാറരുതെന്നും ആവശ്യപ്പെട്ടു', കാെയ്യം ജനാർദ്ദനൻ പറഞ്ഞു.

നെറികെട്ട രാഷ്ട്രീയം. വൃത്തികെട്ട സമീപനം സ്വീകരിക്കുന്ന നേതൃത്വം. തന്റെ പാര്‍ട്ടി പരിശുദ്ധമാണെന്നും കൊയ്യം ജനാര്‍ദ്ദനന്‍ പറഞ്ഞു. അരിയില്‍ ഷുക്കൂറിന്റെ ആത്മാവിനെങ്കിലും പൊറുക്കാന്‍ കഴിയട്ടെ. കോണ്‍ഗ്രസുകാരെ അക്രമിക്കാന്‍ നേതൃത്വം നല്‍കിയ ആളാണ് ടി കെ ഗോവിന്ദന്‍ എന്നും കൊയ്യം ജനാര്‍ദ്ദനന്‍ ആരോപിച്ചു.

ടി കെ ഗോവിന്ദന്റെ നാടായ മലപ്പട്ടംമലപ്പട്ടത്ത് നിന്നാണ് കൊയ്യം ജനാര്‍ദനന്റെ പ്രചരണം ആരംഭിക്കുന്നത്. ഗാന്ധി പ്രതിമയില്‍ പുഷ്പ്പാര്‍ച്ചന നടത്തി പ്രചരണം ആരംഭിക്കും. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ കൊയ്യം ജനാര്‍ദ്ദനനെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയിരുന്നു. പാര്‍ട്ടി അച്ചടക്കം ലംഘിച്ച് വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള തീരുമാനമാണ് നടപടിക്ക് പിന്നിലെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

സിപിഐഎം വിട്ട ജില്ലാ സെക്രട്ടറിയേറ്റംഗം ടി കെ ഗോവിന്ദനെ പിന്തുണയ്ക്കാന്‍ യുഡിഎഫ് തീരുമാനിച്ചതിന് പിന്നാലെയായിരുന്നു കൊയ്യം ജനാര്‍ദ്ദനന്‍ മത്സരിക്കാനൊരുങ്ങിയത്. കഴിഞ്ഞ ദിവസം കൊയ്യം ജനാര്‍ദ്ദനന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. കൊയ്യം ജനാര്‍ദ്ദനന്റെ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചു. ഇദ്ദേഹത്തിന് ടെലിവിഷനാണ് തെരഞ്ഞെടുപ്പ് ചിഹ്നമായി ലഭിച്ചിരിക്കുന്നത്.

കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായിരുന്നു കൊയ്യം ജനാര്‍ദ്ദനന്‍. മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. 2021ല്‍ ഇവിടെ മത്സരിച്ച വി പി അബ്ദുല്‍ റഷീദിന് എം വി ഗോവിന്ദന്റെ ഭൂരിപക്ഷം ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞിരുന്നു. തോല്‍വിക്ക് ശേഷവും മണ്ഡലത്തില്‍ തുടര്‍ന്ന അബ്ദുല്‍ റഷീദിന്റെ നേതൃത്വത്തില്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു. എന്നാല്‍ സിപിഐഎം വിട്ടുവന്ന ടി കെ ഗോവിന്ദനെ പാര്‍ട്ടി പിന്തുണയ്ക്കുകയും അബ്ദുല്‍ റഷീദിനെ ധര്‍മടം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കുകയുമായിരുന്നു. ഇതിനെതിരെ നേതാക്കള്‍ക്കിടയില്‍ കടുത്ത അമര്‍ഷം ഉയര്‍ന്നിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 302