25 March, 2026 07:50:10 PM


ആ വാക്കുകൾ ഞെട്ടലും വേദനയുമുണ്ടാക്കി, ഒരു സ്ത്രീയോടും ഇങ്ങനെ പെരുമാറരുത്- യു പ്രതിഭ



ആലപ്പുഴ: യുഡിഎഫ് കണ്‍വെന്‍ഷനില്‍ വ്യക്തിപരമായി അധിക്ഷേപിച്ച മുസ്ലീം ലീഗ് നേതാവിന്റെ പരാമര്‍ശത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് കായംകുളം എംഎല്‍എ യു പ്രതിഭ. പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് മുസ്ലീംലീഗ് നേതാവും കായംകുളത്തെ യുഡിഎഫ് കണ്‍വീനറുമായ എ ഇര്‍ഷാദ് നടത്തിയ ഖേദ പ്രകടനം അംഗീകരിക്കാന്‍ കഴിയില്ല. പൊതു പ്രവര്‍ത്തന രംഗത്തേക്ക് സ്ത്രീകള്‍ കടന്നുവരുന്നതിനെ സ്ത്രീവിരുദ്ധ നിലപാടുകളിലൂടെ തടയാന്‍ കഴിയില്ല. തനിക്കെതിരായ പരാമര്‍ശങ്ങളില്‍ പൊലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നല്‍കുമെന്നും യു പ്രതിഭ എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു.

ആക്ഷേപങ്ങള്‍, മാനസികമായി വേദനിപ്പിച്ചു. വ്യക്തിപരമായും കുടുംബത്തെയും ആക്ഷേപിക്കുന് നടപടികള്‍ രാഷ്ട്രീയ മാന്യതയ്ക്ക് നിരക്കുന്നതല്ല. നിരവധി സ്ത്രീകള്‍ പൊതുരംഗത്തേക്ക് കടുന്നു വരുന്ന സമയമാണ്. ഇത്തരത്തിലുള്ള ആക്ഷേപങ്ങള്‍ ഉയര്‍ത്തി സ്ത്രീ മുന്നേറ്റത്തെ തടയാന്‍ സാധിക്കില്ലെന്നും പ്രതിഭ പറഞ്ഞു. കാമറകള്‍ക്ക് മുന്നില്‍ വിതുമ്പിക്കൊണ്ടായിരുന്നു യു പ്രതിഭയുടെ പ്രതികരണം.

കായംകുളത്തെ ജനങ്ങളുടെ ഹൃദയത്തിലാണ് ഞങ്ങളുടെ സ്ഥാനം. ഇടതുപക്ഷത്തിന്റ വികസന പ്രവര്‍ത്തനങ്ങളില്‍ നിരാശപൂണ്ടാണ് ഇത്തരം പ്രതികരങ്ങള്‍ ഉണ്ടാകുന്നതെന്നും പ്രതിഭ ആരോപിച്ചു. നിരവധി മുതിർന്ന നേതാക്കളും സ്ത്രീകളും ഉണ്ടായിരുന്ന വേദിയില്‍ അരും ലീഗ് നേതാവിനെ തിരുത്താൻ മുതിരാതിരുന്നത് ഞെട്ടിട്ടിക്കുന്നതാണെന്നും പ്രതിഭ പറഞ്ഞു. അതിനിടെ, പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എ ഇര്‍ഷാദ് രംഗത്തെത്തിയിട്ടുണ്ട്.

എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിയില്‍ വച്ചായിരുന്നു എംഎല്‍എയെ അധിക്ഷേപിച്ച് കായംകുളം യുഡിഎഫ് കണ്‍വീനര്‍ പ്രസംഗിച്ചത്. രാഷ്ട്രീയ അധികാരം ഉപയോഗിച്ച് കൊണ്ട് എന്തും നടത്തും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് യു പ്രതിഭയെന്നും എം ലിജുവിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംസാരിക്കവെ എ ഇര്‍ഷാദ് പറഞ്ഞു. യു പ്രതിഭ എംഎല്‍എ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ പതലവണ ആവര്‍ത്തിച്ചായിരുന്നു കായംകുളം മണ്ഡലം യുഡിഎഫ് കണ്‍വീനര്‍ കൂടിയായ എ ഇര്‍ഷാദിന്റെ പ്രസംഗം.

'രാഷ്ട്രീയ അധികാരം ഉപയോഗിച്ചുകൊണ്ട് എന്തും നടത്തും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് അവരുടെ മകന്‍ അകപ്പെട്ട കഞ്ചാവ് കേസില്‍ അവര്‍ എടുത്ത നിലപാട്. ആ നിലപാടിനെ ന്യായീകരിക്കുന്ന അമ്മയാണ് അവര്‍. ഒരു എംഎല്‍എയ്ക്ക് അഞ്ച് കോടി രൂപയാണ് ഒരു വര്‍ഷമുളള വിഹിതം. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ടിംഗ് വേറെ. കുറഞ്ഞത് ഒരുകോടി രൂപ അവര്‍ക്ക് ഒരു മണ്ഡലത്തില്‍ വിനിയോഗിക്കാന്‍ പറ്റും. ആ പണം ഉപയോഗിച്ചുകൊണ്ട് കായംകുളത്തിന്റെ നിലനില്‍പ്പിനായി ശ്രദ്ധേയമായ എന്താണ് കൊണ്ടുവന്നത് ? 20 വര്‍ഷം മുന്‍പ് ഡിവൈഎഫ്‌ഐക്കാരന്‍ തച്ചടിയില്‍ പ്രഭാകരന്റെ വീട്ടിലേക്ക് കായംകുളം താലൂക്ക് ആക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് ചെയ്തിട്ടുണ്ട്. അത് കഴിഞ്ഞ് 20 വര്‍ഷക്കാലം സിപിഐഎം എംഎല്‍എമാര്‍ ഇവിടം ഭരിച്ചു. അതില്‍ 15 വര്‍ഷം എല്‍ഡിഎഫ് സര്‍ക്കാരായിരുന്നു. ഒരു ജനപ്രതിനിധി എന്ന നിലയില്‍ അവര്‍ക്ക് ഒന്നുംതന്നെ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല എന്ന പരമമായ യാഥാര്‍ത്ഥ്യം നില്‍ക്കുമ്പോഴാണ് വീണ്ടും അവരുടെ വാക് ചാതുരിയും ശരീര അഴകും വില്‍പ്പനയ്ക്ക് വെച്ചുകൊണ്ട് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോവുകയാണ്', എന്നാണ് എ ഇര്‍ഷാദ് പറഞ്ഞത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 954