20 February, 2026 12:45:19 PM
മങ്കട സദാചാരക്കൊലയിൽ 5 പ്രതികൾക്കും ജീവപര്യന്തം

മലപ്പുറം: മങ്കട സദാചാര കൊലക്കേസിൽ 5 പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഒന്നാം അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻ ജഡ്ജ് ആണ് ശിക്ഷ വിധിച്ചത്. ഒന്നാംപ്രതി ഷറഫുദ്ദീൻ, രണ്ടാംപ്രതി അബ്ദുൽ ഗഫൂര്‍ മൂന്നാംപ്രതി അബ്ദു നാസര്‍, നാലാംപ്രതി സക്കീര്‍ ഹുസൈൻ, അഞ്ചാംപ്രതി മുഹമ്മദ് സുഹൈൽ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കൂട്ടിൽ കുന്നശ്ശേരി നസീര്‍ ഹുസൈനെ മർദിച്ചു കൊന്നു എന്നാണ് കേസ്.
2016 ജൂൺ 28നാണ് കൂട്ടിൽ കുന്നശ്ശേരി നസീർ ഹുസൈനെ പ്രതികൾ മർദിച്ചു കൊന്നത്. മർദനദൃശ്യം ഒന്നാം പ്രതിയുടെ ഫോണിൽ പകർത്തിയിരുന്നു. ഡിലീറ്റ് ചെയ്‌ത ദൃശ്യങ്ങൾ ഫോറൻസിക് പരിശോധനയിൽ വീണ്ടെടുത്തത് കേസിൽ നിർണായകമായി. ആറ് മുതൽ എട്ട് വരെയുള്ള പ്രതികളായ ചെണ്ണേക്കുന്നൻ ഷഫീഖ് (34) മുക്കിൽപീടിക പറമ്പാട്ട് മൻസൂർ (34) അമ്പലപ്പള്ളി അബ്ദുൽ നാസർ (35) എന്നിവരെ കോടതി വെറുതെ വിട്ടിരുന്നു.
മങ്കട കൂട്ടിലിലെ ഒരു വീട്ടിലെത്തിയ നസീറിനെ (40) പരിസരവാസികളായ മുസ്ലിം ലീഗ് സംഘം ചേർന്ന് മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാഷ്ട്രീയ വിരോധത്തിന്റെ പേരിലായിരുന്നു ആക്രമണം. അനാശാസ്യത്തിന് പോയി എന്നാരോപിച്ച് സംഘം ചേർന്ന് മർദിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.
കൊല്ലപ്പെട്ട നസീർ ഹുസൈന്റെ സഹോദരനായ മുഹമ്മദ് നവാസ്, രണ്ടാം സാക്ഷിയായ വീട്ടുടമ എന്നിവർ ഉൾപ്പടെ 70 സാക്ഷികളുള്ള കേസിൽ 39 പേരെ വിസ്തരിച്ചു. 123 രേഖകളും 22 തെളിവുകളും ഹാജരാക്കിയാണ് പ്രതികൾ കുറ്റക്കാരാണെന്ന് തെളിയിച്ചത്. പെരിന്തൽമണ്ണ സിഐമാരായിരുന്ന സിദ്ധീഖ്, സാജു കെ എബ്രഹാം എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.




