19 February, 2026 10:14:14 AM


ഇടുക്കിയിൽ എക്സൈസ് ഉദ്യോഗസ്ഥനെ വാറ്റുകാരൻ വാക്കത്തി കൊണ്ട് ആക്രമിച്ചു



ചെറുതോണി: കോടയും വാറ്റുപകരണങ്ങളും പിടികൂടാനെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥനെ വാക്കത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. തങ്കമണി എക്‌സൈസ് റേഞ്ചിലെ ഗ്രേഡ് ഇൻസ്‌പെക്ടർ ലിജോ ഉമ്മനാണ് ആക്രമണത്തിനിരയായത്. പ്രതി നാരക്കാനം തൈയിൽ തോമസിനെ (65) എക്‌സൈസ് സംഘം ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി. ഇയാളിൽ നിന്ന് 30 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്.

ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. ഇടുക്കി എക്‌സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് തോമസിന്റെ വീട്ടിൽ പരിശോധന നടത്തുകയായിരുന്നു ഉദ്യോഗസ്ഥർ. ഇതിനിടെ പ്രകോപിതനായ പ്രതി വാക്കത്തി ഉപയോഗിച്ച് ലിജോ ഉമ്മനെ വെട്ടുകയായിരുന്നു. മുഖത്തും, കണ്ണിനും, കാൽമുട്ടിനും, നെഞ്ചിനും പരിക്കേറ്റ ലിജോ ഉമ്മനെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദ്യോഗസ്ഥന് പരിക്കേറ്റതോടെ ഒപ്പമുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും മാരകായുധം ഉപയോഗിച്ച് പരിക്കേൽപ്പിച്ചതിനും തോമസിനെതിരെ ഇടുക്കി പോലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫീസർമാരായ ജയൻ പി. ജോൺ, ഷിയാദ് എ., സിവിൽ എക്‌സൈസ് ഓഫീസർ ആനന്ദ് വിജയൻ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 921