31 December, 2025 03:29:33 PM


ഇൻഡോറിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 8 പേർക്ക് ദാരുണാന്ത്യം; 100ലധികം പേർ ആശുപത്രിയിൽ



ഭോപ്പാല്‍: മധ്യപ്രദേശിലെ ഇൻഡോറിൽ മുൻസിപ്പാലിറ്റി വിതരണം ചെയ്ത കുടിവെളളത്തിൽ മലിനജലം കലർന്നതിനെ തുടർന്ന് 8 പേർക്ക് ദാരുണാന്ത്യം. 100 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഛർദിയും വയറിളക്കവും ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്നവരാണ് മരിച്ചത്. ഇൻഡോറിലെ ഭഗീരഥപുര ഏരിയയിലെ കുടിവെള്ളവിതരണത്തിനിടെയാണ് വെള്ളത്തിൽ മലിനജലം കലർന്നത്.

മൂന്ന് പേർ മരിച്ചതായി മധ്യപ്രദേശ് സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. 36 പേരെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. 116 പേർ നിലവിൽ ചികിത്സയിൽ തുടരുന്നതായും ഇൻഡോർ മേയർ പുഷ്യമിത്ര ഭാർഗവ് പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് മധ്യപ്രദേശ് സർക്കാർ 2 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചതായും ഭാർഗവ് വ്യക്തമാക്കി.

സംഭവത്തെ തുടർന്ന് മുനിസിപ്പൽ കോർപ്പറേഷൻ്റെ ഒരു സോണൽ ഓഫീസറേയും ഒരു അസിസ്റ്റൻ്റ് എഞ്ചിനീയറേയും സസ്പെൻഡ് ചെയ്തു. ഒരു എഞ്ചിനീയറെ പിരിച്ചു വിടുകയും ചെയ്തു. തുടർച്ചയായ എട്ടാം തവണയും ഏറ്റവും വൃത്തിയുള്ള നഗരമായി തെരഞ്ഞെടുക്കപ്പെട്ട ഇൻഡോറിൽ ഉണ്ടായ ഈ വീഴ്ചയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 913