20 December, 2025 12:16:57 PM


​അസമിൽ രാജധാനി എക്സ്പ്രസ് തട്ടി എട്ട് ആനകൾ ചെരിഞ്ഞു



ഗുവാഹത്തി: അസമിലെ ഹോജായിയില്‍ രാജധാനി എക്‌സ്പ്രസ് ഇടിച്ച് എട്ട് ആനകള്‍ ചരിഞ്ഞു. ഒരു ആനക്കുട്ടിക്ക് പരിക്കേറ്റു. പാളം തെറ്റിയ തീവണ്ടിയുടെ എട്ട് കോച്ചുകള്‍ മറിഞ്ഞു. യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടില്ല. എട്ട് ആനകളാണ് ചരിഞ്ഞതെന്നും ഒരു ആനക്കുട്ടിയെ രക്ഷിച്ചതായും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആനത്താരിയല്ലാത്ത പ്രദേശത്താണ് കൂട്ടത്തോടെ ആനകളെത്തിയതും അപകടത്തിന് കാരണമായതും. ആനക്കൂട്ടം നില്‍ക്കുന്നത് കണ്ട ലോക്കോ പൈലറ്റ് അടിയന്തരമായി ബ്രേക്ക് ഇട്ടെങ്കിലും ആനകളെ ഇടിച്ചു. ഇതിന് പിന്നാലെയാണ് പാളം തെറ്റിയത്.

ശനിയാഴ്ച പുലര്‍ച്ചെ 2.17ഓടെയാണ് തീവണ്ടി അപകടം നടന്നതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മിസോറാമിലെ സായിറംഗിനെ ആനന്ദ് വിഹാര്‍ ടെര്‍മിനലുമായി ബന്ധിപ്പിക്കുന്ന സായിറംഗ്-ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസ് ആണ് പാളം തെറ്റിയത്. ഗുവാഹത്തിയില്‍ നിന്ന് 126 കിലോമീറ്റര്‍ അകലെയാണ് വണ്ടി പാളം തെറ്റിയത്. അപകടത്തിന് പിന്നാലെ അപ്പര്‍ അസമിലേക്കുള്ളും മറ്റു വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുമുള്ള തീവണ്ടി സര്‍വീസുകള്‍ താല്‍ക്കാലികമായി തടസപ്പെട്ടിട്ടുണ്ട്. പാളം തെറ്റിയ കോച്ചുകളിലുണ്ടായിരുന്ന ആളുകളെ ഒഴിവുള്ള മറ്റു കോച്ചുകളിലേക്ക് മാറ്റി. ട്രെയിന്‍ ഗുവാഹത്തിയില്‍ എത്തിയാല്‍ ഉടനെ യാത്രക്കാരെ അധിക കോച്ചുകള്‍ ഏര്‍പ്പാടാക്കി അതിലേക്ക് മാറ്റും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 916