08 December, 2025 07:00:31 PM
തമിഴ്നാട്ടിൽ പ്ലസ് വൺ വിദ്യാർഥികളുടെ അടിയേറ്റ് പ്ലസ്ടു വിദ്യാർഥി മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിൽ പ്ലസ് വൺ വിദ്യാർഥികളുടെ കൂട്ടമർദനമേറ്റ് ഗുരുതരമായി പരിക്കേറ്റ പ്ലസ്ടു വിദ്യാർഥി ചികിത്സയിലിരിക്കെ മരിച്ചു. പരിക്കുകളെത്തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥി ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണ് മരണപ്പെട്ടതെന്ന് പോലീസ് അറിയിച്ചു.
കുംഭകോണത്തിനടുത്തുള്ള പട്ടീശ്വരം അറിജ്ഞർ അണ്ണ മോഡൽ ഹയർസെക്കൻഡറി സ്‌കൂളിൽ ഡിസംബർ നാലിനാണ് സംഭവം നടന്നത്. രണ്ട് ക്ലാസുകളിലെ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്ന് 15 പ്ലസ്‌വൺ വിദ്യാർഥികൾ ചേർന്നാണ് പ്ലസ്ടു വിദ്യാർഥിയെ ആക്രമിച്ചത്.
പ്രതികൾ മരക്കഷ്ണം ഉൾപ്പെടെ ഉപയോഗിച്ച് വിദ്യാർഥിയുടെ തലയിൽ ആഞ്ഞടിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇത് ഗുരുതരമായ പരിക്കിന് കാരണമായി. തലച്ചോറിലെ രക്തം കട്ടപിടിച്ചത് നീക്കംചെയ്യാൻ ശസ്ത്രക്രിയ നടത്തിയതിനു പിന്നാലെയാണ് മരണം സംഭവിച്ചത്. കുട്ടിയെ ആദ്യം കുംഭകോണം സർക്കാർ ആശുപത്രിയിലും പിന്നീട് തഞ്ചാവൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഇവിടെവെച്ചാണ് മരണം സംഭവിച്ചത്.
സംഭവത്തിൽ ഉൾപ്പെട്ട 15 പ്രതികളെയും അറസ്റ്റുചെയ്ത് ബാലസദനത്തിൽ പ്രവേശിപ്പിച്ചു. പട്ടീശ്വരം പോലീസ് ആദ്യം കൊലപാതകശ്രമത്തിനാണ് കേസെടുത്തിരുന്നത്. പോസ്റ്റ്‌മോർട്ടത്തിനുശേഷം കൊലപാതകവുമായി ബന്ധപ്പെട്ട വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തുമെന്ന് പോലീസ് അറിയിച്ചു.




