23 December, 2025 09:14:10 AM
തിരുവനന്തപുരത്ത് മാരത്തോണ്‍ ഓട്ടത്തിനിടെ ബാങ്ക് മാനേജർ കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: മാരത്തോൺ ഓട്ടത്തിനിടയിൽ ബാങ്ക് മാനേജർ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം എച്ച്.ഡി.എഫ്.സി ബാങ്ക് സീനിയർ മാനേജരും പേരൂർക്കട മണ്ണാമൂല സ്വദേശിയുമായ കെ.ആർ. ആഷിക് (47) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ശംഖുമുഖത്ത് നിന്ന് ആരംഭിച്ച ഗ്രീൻ മാരത്തോൺ എക്സ്പോയിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു സംഭവം.
മാരത്തോണിലെ 21 കിലോമീറ്റർ വിഭാഗത്തിലാണ് ആഷിക് മത്സരിച്ചിരുന്നത്. ശംഖുമുഖത്ത് നിന്ന് ഓടി വലിയവേളി പള്ളിക്ക് സമീപം എത്തിയപ്പോഴാണ് അദ്ദേഹം കുഴഞ്ഞുവീണത്. ഉടൻ തന്നെ സി.പി.ആർ നൽകിയ ശേഷം സംഘാടകരും നാട്ടുകാരും ചേർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാരത്തോണുകളിൽ സ്ഥിരമായി പങ്കെടുക്കാറുള്ള ആളായിരുന്നു ആഷിക്.




