09 December, 2025 08:25:50 AM
വിഴിഞ്ഞത്ത് ഓട്ടോയിടിച്ച് പരിക്കേറ്റ സ്ഥാനാർഥി മരിച്ചു; വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റി വച്ചു

തിരുവനന്തപുരം: തെരഞ്ഞെടുപ്പു പ്രചാരണത്തിനു പോയി മടങ്ങുമ്പോള്‍ ഓട്ടോ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ സ്ഥാനാര്‍ഥി മരിച്ചു. തിരുവനന്തപുരം കോര്‍പറേഷന്‍ വിഴിഞ്ഞം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ഥി ജസ്റ്റിന്‍ ഫ്രാന്‍സിസ് ആണ് മരിച്ചത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയവേയാണ് അന്ത്യം.
ശനിയാഴ്ച രാത്രി ഞാറവിളകരയടിവിള റോഡിലായിരുന്നു അപകടം. വോട്ടര്‍മാരെ കണ്ടു മടങ്ങുമ്പോള്‍ ഓട്ടോ ഇടിക്കുകയായിരുന്നു. തലയ്ക്കും നട്ടെല്ലിനും ഗുരുതര പരുക്കേറ്റിരുന്നു. വാഹനം ഇടിച്ച സംഭവത്തില്‍ സംശയവും ദുരൂഹതയും ഉണ്ടെന്നും വിശദ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
ജസ്റ്റിന്‍ ഫ്രാന്‍സിസിന്റെ മരണത്തെ തുടര്‍ന്ന് വിഴിഞ്ഞം വാര്‍ഡിലെ വോട്ടെടുപ്പ് മാറ്റിവച്ചതായി വരണാധികാരിയായ സബ്കലക്ടര്‍ ഒ.വി.ആല്‍ഫ്രഡ് അറിയിച്ചു. വാര്‍ഡിലെ തിരഞ്ഞെടുപ്പിനായുള്ള പുതുക്കിയ തിയതിയും തുടര്‍നടപടികളും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്നീട് അറിയിക്കും.




