18 November, 2025 05:33:38 PM


കൊച്ചിയിൽ നാല് വയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച അമ്മ അറസ്റ്റിൽ



കൊച്ചി: നാല് വയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച സംഭവത്തിൽ അമ്മ അറസ്റ്റിൽ. കാട്ടിത്തറ സ്വദേശിനിയെയാണ് മരട് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കുട്ടിയെ ഏറെനാളായി അമ്മ ഉപദ്രവിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.

കുട്ടി സ്കൂളിൽ വിഷമിച്ചിരിക്കുന്നതു കണ്ട അധ്യാപകർ ചോദിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. വീട്ടിൽനിന്ന് ചേട്ടന് ഭക്ഷണം കഴിക്കാൻ കൊടുത്തെന്നും തനിക്കൊന്നും തന്നില്ലെന്നും കുട്ടി പറഞ്ഞു. തുടർന്ന് അധ്യാപകർ കുട്ടിയെ വിശദമായി പരിശോധിച്ചപ്പോൾ ദേഹത്ത് പൊള്ളലേറ്റ പാടുകൾ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ കൈകാലുകളിലും സ്വകാര്യ ഭാഗങ്ങളിലുമടക്കം പൊള്ളലേറ്റ പാടുകൾ ഉണ്ട്. ഉടൻ തന്നെ സ്കൂൾ അധികൃതർ പോലീസിനെ വിവരമറിയിക്കുകയും കുട്ടിയെ വൈദ്യസഹായത്തിനായി എത്തിക്കുകയും ചെയ്തു.‍

അനുസരണക്കേട് കാണിച്ചതിനാണ് കുട്ടിയെ ഉപദ്രവിച്ചത് എന്നാണ് പോലീസ് കസ്റ്റഡിയിലുള്ള അമ്മയുടെ മൊഴി. അമ്മ കുട്ടിയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്നും, ഈ മാസം 15നും 16നും ചട്ടുകം ചൂടാക്കി പൊള്ളിച്ചതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമപ്രകാരമാണ് അറസ്റ്റ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K