30 October, 2025 09:52:20 AM
നെയ്യാറ്റിൻകരയില്‍ മീൻ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു: 35 പേർ ചികിത്സയിൽ

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മീന്‍ കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധ. 35 പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ചെമ്പല്ലി എന്ന മീന്‍ കഴിച്ചതിന് പിന്നാലെയാണ് ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കാഞ്ഞിരംകുളം, ഊരമ്പ്, ചാമ വിള, കുറുവാട് എന്നി മേഖലകളില്‍ നിന്നും തീരദേശ മേഖലയായ പുതിയതുറ, പഴയകട, പുത്തന്‍കട, എന്നീ ചന്തകളില്‍ നിന്നും ചെമ്പല്ലി മീന്‍ വാങ്ങി ഭക്ഷിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കഴിഞ്ഞദിവസം രാത്രി മുതല്‍ കുട്ടികളടക്കം നിരവധി പേര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ മാത്രം 27 പേര്‍ ചികിത്സ തേടി. മറ്റുള്ളവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി. ആരുടേയും നില ഗുരുതരമല്ല. പഴകിയ മീന്‍ ഭക്ഷിച്ചതാണ് ഭക്ഷ്യവിഷബാധക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.




