29 October, 2025 09:31:43 AM


ചവറയില്‍ നാലര വയസുകാരന്‍ വെള്ളക്കെട്ടില്‍ വീണു മരിച്ച നിലയില്‍



കൊല്ലം: ചവറയില്‍ നാലര വയസുകാരന്‍ വീടിന് സമീപത്തുള്ള വെള്ളക്കെട്ടില്‍ വീണു മരിച്ച നിലയില്‍. നീണ്ടകര താഴത്തുരുത്ത് പഴങ്കാലയില്‍ (സോപാനം) അനീഷ് - ഫിന്‍ല ദിലീപ് ദമ്പതികളുടെ ഏക മകന്‍ അറ്റ്ലാന്‍ അനീഷ് ആണ് മരിച്ചത്. അറ്റ്‌ലാന്‍ അമ്മയുടെ കുടുംബവീട്ടില്‍ ആയിരുന്നു താമസം. കുട്ടിയുടെ മാതാപിതാക്കള്‍ യുകെയിലാണ്.

ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. നീണ്ടകര പരിമണത്തെ പ്ലേ സ്‌കൂളില്‍ പഠിക്കുന്ന അറ്റ്ലാന്‍, സ്‌കൂളിന്റെ വാഹനത്തില്‍ വന്നിറങ്ങി അപ്പൂപ്പന്‍ ദിലീപിനൊപ്പം വീട്ടിലേക്കു വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഗേറ്റ് തുറന്ന് അകത്തു കയറിയപ്പോള്‍ കുട്ടി അപ്പൂപ്പന്റെ കൈ വിട്ട് വെളിയിലേക്ക് ഓടിപ്പോയി. കുട്ടിയുടെ ബാഗ് വീട്ടില്‍ വച്ച ശേഷം ദിലീപ് കുട്ടിയെ അന്വേഷിച്ചപ്പോള്‍ കണ്ടെത്താനായില്ല.

തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ കൈത്തോട്ടില്‍ വെള്ളക്കെട്ടില്‍ വീണ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടിയെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 938