24 October, 2025 09:31:46 AM
വിറക് അടുപ്പിൽ നിന്നും തീപടർന്നു; വയോധിക ദമ്പതിമാർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: പേരൂർക്കട ഹരിത നഗറിൽ വിറക് അടുപ്പിൽനിന്ന് തീ പടർന്നുണ്ടായ അപകടത്തിൽ പൊള്ളലേറ്റ വയോധിക ദമ്പതിമാർ മരിച്ചു. ഹരിത നഗർ സ്വദേശികളായ എ. ആന്റണി (81), ഭാര്യ ഷേർളി (73) എന്നിവരാണ് മരിച്ചത്. വീടിനു പുറത്തുള്ള വിറക് അടുപ്പിൽ മണ്ണെണ്ണ ഒഴിച്ച് തീ കത്തിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
അടുപ്പിൽനിന്ന് തീ പടർന്ന് ആദ്യം ആന്റണിയുടെ മുണ്ടിലേക്ക് പിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആന്റണിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഭാര്യ ഷേർളിയുടെ ദേഹത്തേക്കും തീ പടർന്നത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.




