19 October, 2025 12:37:58 PM


കഴക്കൂട്ടത്ത് ഹോസ്റ്റലില്‍ കയറി യുവതിയെ പീഡിപ്പിച്ച സംഭവം: പ്രതി തമിഴ്‌നാട്ടില്‍ നിന്നും പിടിയില്‍



തിരുവനന്തപുരം:  കഴക്കൂട്ടത്ത് ഹോസ്റ്റലില്‍ കയറി ഐടി ജീവനക്കാരിയായ യുവതിയെ പീഡിപ്പിച്ച പ്രതി പിടിയില്‍. തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നാണ് പൊലീസ് ഇയാളെ സാഹസികമായി പിടികൂടിയത്. തമിഴ്‌നാട് സ്വദേശിയായ ട്രക്ക് ഡ്രൈവറാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു.

ഐടി നഗരമായ കഴക്കൂട്ടത്ത് ജോലി കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന യുവതിയെയാണ് ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ചത്. യുവതി പിറ്റേന്ന് പൊലീസില്‍ പരാതി നല്‍കി. ഇതേത്തുടര്‍ന്ന് അന്വേഷണത്തിനായി അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിരുന്നു.

യുവതി നല്‍കിയ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. പൊലീസ് സംഘം പ്രതിയെ ഓടിച്ചിട്ടു പിടികൂടുകയായിരുന്നു എന്നാണ് സൂചന. തിരിച്ചറിയല്‍ പരേഡ് അടക്കം നടത്താനുള്ളതിനാല്‍ പ്രതിയുടെ പേരു വിവരങ്ങള്‍ അടക്കം പൊലീസ് പുറത്തു വിട്ടിട്ടില്ല.

വ്യാഴാഴ്ച രാത്രിയായിരുന്നു യുവതിക്ക് നേരെ അതിക്രമ ശ്രമം ഉണ്ടായത്. ഹോസ്റ്റലിലെ ഒരു മുറിയില്‍ തനിച്ച് താമസിച്ചിരുന്ന യുവതിയായിരുന്നു ആക്രമിക്കപ്പെട്ടത്. മുറിക്കുള്ളില്‍ അതിക്രമിച്ച് കയറിയാണ് പ്രതി യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് പരാതി. ഞെട്ടി ഉണര്‍ന്ന ശേഷം പ്രതിയെ പെണ്‍കുട്ടി തള്ളി മാറ്റുകയായിരുന്നു. പിന്നാലെ ഇയാള്‍ ഇറങ്ങി ഓടിയെന്നും പരാതിയില്‍ പറയുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K