24 August, 2025 11:37:38 AM


പീഡന പരാതിയിൽ കോടതി ഇടപെട്ടു: സിപിഎം പ്രാദേശിക നേതാവിനെതിരെ കേസെടുത്തു



തൃപ്പൂണിത്തുറ: തന്റെ രഹസ്യഭാഗങ്ങളിൽ സ്പർശിയ്ക്കുകയും ഗോഡൗണിൽ എത്തിച്ച് ലൈംഗീക അതിക്രമത്തിനു മുതിരുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയിൽ സിപിഎം പ്രാദേശിക നേതാവിനെതിരെ പോലീസ് കേസെടുത്തു. തൃപ്പൂണിത്തുറ ദർശന സൂപ്പർമാർക്ക് ഉടമ കൂടിയായ ഏരൂർ തോപ്പിൽ റ്റി യു സുമേഷ് കുമാറിനെതിരെയാണ് കോടതി നിർദേശപ്രകാരം  പോലീസ് കേസെടുത്തത്. സൂപ്പർ മാർക്കറ്റിലെ ജീവനക്കാരിയായിരുന്ന 22 കാരി യുവതിയാണ് പരാതിക്കാരി.

യാത്രപോകാമെന്നും മുറിയെടുത്ത് താമസിയ്ക്കാമെന്നും മറ്റും പറഞ്ഞ് നിരന്തരം ശല്യം ചെയ്യുമായിരുന്നെന്നും വഴങ്ങുന്നില്ലന്ന് കണ്ടപ്പോൾ തന്ത്രത്തിൽ ഗോഡൗണിൽ എത്തിച്ച് ലൈംഗീക അതിക്രമം നടത്തിയെന്നും പരാതിയിൽ പറയുന്നു. മാനസീകവും ശാരീരികവുമായ സ്ഥാപന ഉടമയുടെ ഉപദ്രവം താങ്ങാനാവാതെ താൻ ഒരുമാസം തികയും മുമ്പെ തന്നെ ജോലി ഉപേക്ഷിച്ചെന്നും പിന്നീട് ഹിൽപ്പാലസ് പോലീസിലും കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കും പരാതി നൽകിയെങ്കിലും നടപടികളുണ്ടായില്ലെ ന്നും യുവതി വ്യക്തമാക്കി. യുവതിയെ ഡ്രഗ്സ് ഉപയോഗിക്കുവാൻ നിർബന്ധിക്കുകയും ചെയ്തുവത്രെ.  ഭരിക്കുന്ന പാർട്ടിയുടെ നേതാവായ തന്നെ ആരും ഒന്നും ചെയ്യില്ല എന്നും തനിക്ക് മുഖ്യമന്ത്രിയുമായി നല്ല ബന്ധം ഉണ്ടെന്നും പറഞ്ഞു ഭീഷണി ഉയർത്തിയെന്നും പരാതിയിൽ പറയുന്നു.

തീർത്തും ദരിദ്ര ചുറ്റുപാടിലാണ് ജീവിതമെന്നും കുടുംബത്തിന് താങ്ങാവാൻ ലക്ഷ്യമിട്ടാണ് സൂപ്പർമാർക്കറ്റിൽ ജോലിയ്‌ക്കെത്തിയതെന്നും ജോലിയിൽക്കയറി ഒരാഴ്ച പിന്നിടും മുമ്പെ സ്ഥാപന ഉടമ തന്നോട് മോശമായിപ്പെരുമാറുകയായിരുന്നെന്നും മറ്റും യുവതി പറയുന്നു. മൊഴിയെടുക്കാനെന്ന പേരിൽ വിളിച്ചുവരുത്തി തന്നെയും മാതാവിനെയും ബുദ്ധിമുട്ടിച്ചെന്നും പരാതിയിൽ പ്രതി സ്ഥാനത്തുള്ള സ്ഥാപന ഉടമ സുമേഷ് കുമാറിനെ തങ്ങളുടെ മുന്നിൽ സ്വീകരിച്ച് ,ഇരുത്തിയാണ് പോലീസ് വിവരങ്ങൾ ആരാഞ്ഞതെന്നും രോഗിയായ എന്റെ അമ്മയെയും എന്നെയും ഇത് വല്ലാത്ത മാനസീക ക്ലേശത്തിന് കാരണമായെന്നും യുവതി പറയുന്നു. 

പരാതിയിൽ പോലീസ് നടപടി സ്വീകരിയ്ക്കാത്തതിനെത്തുടർന്ന് യുവതി അഭിഭാഷകരായ അഡ്വ.ജോണി ജോർജ്ജ് പാംപ്ലാനി, അഡ്വ. ജോർജ്ജ് തേരക്കുഴിയിൽ എന്നിവർ മുഖേന കോടതിയെ സമീപിയ്ക്കുകയായിരുന്നു. വാദങ്ങൾ കേട്ട കോടതി യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുകയും പിന്നാലെ സുമേഷ് കുമാറിനെ പ്രതിചേർത്ത് കേസെടുക്കാൻ നിർദ്ദേശിയ്ക്കുകയായിരുന്നു. തൃപ്പൂണിത്തുറ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മാജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവ് ഇട്ടത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K