23 August, 2025 07:04:02 PM


മൂന്നാറില്‍ സെക്യൂരിറ്റി ജീവനക്കാരനെ തലയ്ക്ക് പരിക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി



ഇടുക്കി: ഇടുക്കി മൂന്നാറില്‍ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കന്നിമല ഫാക്ടറി ഡിവിഷന്‍ സ്വദേശി രാജപാണ്ടിയാണ് മരിച്ചത്. തലക്കേറ്റ ആഴത്തിലുളള മുറിവാണ് മരണകാരണെന്ന് സംശയിക്കുന്നതായും കൊലപാതകമെന്നുമാണ് പൊലീസ് നിഗമനം. 

മൂന്നാര്‍ ചൊക്കനാട് എസ്റ്റേറ്റില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്നയാളാണ് രാജപാണ്ടി. രാവിലെ ഭക്ഷണമുണ്ടാക്കാൻ ക്യാമ്പിലേക്ക് പോയ ഇദ്ദേഹത്തെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്നലെ രാത്രിയും രാജപാണ്ടി ജോലിയെടുത്തിരുന്നു. 

ഭക്ഷണമുണ്ടാക്കാൻ പോയശേഷം തിരികെ എത്താതെ വന്നതോടെ, മറ്റ് ജീവനക്കാർ അന്വേഷിച്ചെത്തിയപ്പോഴാണ് കെട്ടിടത്തിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവമറിഞ്ഞെത്തിയ മൂന്നാർ പൊലീസ് നടപടികൾ പൂർത്തിയാക്കി. ഭിത്തിയിലുൾപ്പെടെ ചോരക്കറയുണ്ട്. തലയിൽ ആഴത്തിലുളള മുറിവുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വിരലടയാള വിദഗ്ധരുൾപ്പെടെ സ്ഥലത്ത് പരിശോധന നടത്തി . പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 951