22 August, 2025 04:21:02 PM
എറണാകുളത്ത് ആൾതാമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

കോതമംഗലം: എറണാകുളത്ത് ആൾതാമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കോതമംഗലം ഊന്നുകല്ലിന് സമീപം ആൾതാമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കിനുള്ളിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.ഏകദേശം 60 വയസുള്ള സ്ത്രീയുടേതാണ് മൃതദേഹമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഒരു വൈദികന്റെ വീടാണിത്. കുറേ നാളുകളായി ആൾത്താമസമില്ലായിരുന്നു. വീടിന്റെ വർക്കേരിയയുടെ ഗ്രിൽ തകർന്ന നിലയിലായിരുന്നു. അതേസമയം കോതമംഗലം കുറുപ്പംപടിയിൽ 60 വയസുള്ള ഒരു സ്ത്രീയുടെ മിസിംഗ് കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പൊലീസ് ഈ കേസിലിൽ അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഈ സംഭവം. കൂടുതൽ അന്വേഷണം നടന്നു വരികയാണ്.