06 August, 2025 04:49:25 PM
അൻസിലിനെ കൊല്ലാൻ അഥീന കളനാശിനി കലർത്തിയത് റെഡ്‌ബുള്ളിൽ

കൊച്ചി: കോതമംഗലത്ത് അഥീന ആൺസുഹൃത്ത് അൻസിലിനെ കൊലപ്പെടുത്തിയത് റെഡ്‌ബുള്ളിൽ പാരക്വിറ്റ് കളനാശിനി കലർത്തിയെന്ന് കണ്ടെത്തൽ. അഥീനയുടെ വീട്ടിൽ നിന്നും എനർജി ഡ്രിങ്കായ റെഡ്‌ബുള്ളിന്റെ കാനുകൾ കണ്ടെത്തി. അൻസിൽ സ്ഥിരമായി റെഡ്‌ബുൾ കുടിക്കാറുണ്ടെന്ന് മനസിലാക്കിയായിരുന്നു കൊലപാതകം. കൃത്യം നടത്താൻ അഥീനയ്ക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
കളനാശിനി നൽകിയാണ് അൻസിലിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് നേരത്തേ തന്നെ കണ്ടെത്തിയിരുന്നു. റെഡ്‌ബുള്ളിന്റെ കാനുകൾ കൂടാതെ, മറ്റ് നിർണായക തെളിവുകളും അഥീനയുടെ വീട്ടിൽ നിന്നും ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. രണ്ട് മാസത്തോളം നീണ്ട ആസൂത്രണത്തിനൊടുവിലാണ് കൊല നടത്തിയതെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം 30നാണ് കൊല നടത്താൻ തീരുമാനിച്ചത്. നിരന്തരം ഫോണിൽ വിളിച്ച് വീട്ടിലേക്ക് വരാൻ അഥീന അൻസിലിനോട് ആവശ്യപ്പെട്ടു. എന്നാൽ, വരാൻ പറ്റില്ല എന്നുപറഞ്ഞ അൻസിൽ അഥീനയുടെ നമ്പർ ബ്ലോക്ക് ചെയ്‌തു. ഇതോടെ സുഹൃത്തിനെ വിളിച്ചറിയിച്ച് അയാൾ മുഖേനയാണ് അൻസിലിനെ വീട്ടിലെത്തിച്ചതെന്നും പൊലീസ് പറഞ്ഞു.
തെളിവുകൾ നശിപ്പിക്കാൻ ആരും അഥീനയെ സഹായിച്ചിരുന്നില്ല. വീട്ടിലെ സിസിടിവി നശിപ്പിച്ചതും ഒറ്റയ്‌ക്കായിരുന്നു. നിലവിൽ തെളിവെടുപ്പ് നടപടികളെല്ലാം പൂർത്തിയായി. വൈകാതെ തന്നെ അഥീനയെ കോടതിയിൽ ഹാജരാക്കും. കോളേജ് പഠനകാലത്തുതന്നെ പ്രണയം ഹോബിയാക്കിയ അഥീനയ്ക്ക് നിരവധി യുവാക്കളുമായി അടുപ്പമുണ്ടായിരുന്നു എന്നാണ് ബന്ധുക്കളിൽ ചിലർ പറയുന്നത്. കോളേജ് പഠനകാലത്ത് കാമുകൻ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്നുകാട്ടി അഥീന പൊലീസിൽ പരാതി നൽകിയിരുന്നു.