28 July, 2025 07:15:58 PM
ഇടുക്കിയിൽ 19കാരിയായ അന്യസംസ്ഥാന തൊഴിലാളി ആശുപത്രിയിലെ ടോയ്‌ലറ്റിൽ പ്രസവിച്ച ഇരട്ടകൾ മരിച്ചു

ഇടുക്കി: ഇടുക്കിയിൽ ആശുപത്രിയിലെ ടോയ്‌ലറ്റിൽ അന്യസംസ്ഥാന തൊഴിലാളി കുഞ്ഞിന് ജന്മം നൽകി. ശാന്തൻപാറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ശുചിമുറിയിലാണ് അന്യസംസ്ഥാന തൊഴിലാളി മാസം തികയാതെ പ്രസവിച്ചത്. വയറുവേദനയെ തുടർന്ന് ഇന്ന് രാവിലെ ശാന്തൻപാറ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ച മധ്യപ്രദേശ് സ്വദേശി അനുരാധയാണ് (19) ഇരട്ടക്കുട്ടികളെ പ്രസവിച്ചത്.
ആറ് മാസം ഗർഭിണിയായിരുന്ന അനുരാധ കുടുംബാരോഗ്യ കേന്ദ്രത്തിലെ ശുചിമുറിയിൽ ആദ്യം ഒരു ആൺകുട്ടിയെ പ്രസവിച്ചു. ആശുപത്രി ജീവനക്കാർ ഇവരെ ശുചിമുറിയിൽ നിന്ന് മാറ്റി പരിചരണം നൽകുന്നതിനിടെ മറ്റൊരു ആൺകുട്ടിയെ കൂടി പ്രസവിച്ചു. രണ്ട് കുട്ടികൾക്കും ആദ്യം ചലനം ഉണ്ടായിരുന്നു. തുടർന്ന് ഡോക്ടറുടെ നിർദ്ദേശപ്രകാരം അമ്മയേയും കുട്ടികളെയും വിദഗ്ധ ചികിത്സയ്ക്കായി തേനി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. എന്നാൽ ആശുപത്രിയിൽ എത്തും മുൻപ് തന്നെ രണ്ടു കുട്ടികളും മരിച്ചു. അനുരാധ തേനി മെഡിക്കൽ കോളേജിൽ തീവ്രചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഡോക്ടർമാരുടെ പ്രാഥമിക പരിശോധനയിൽ കുട്ടികളുടെ മരണത്തിൽ അസ്വഭാവികത ഇല്ലെന്നാണ് വിവരം.