17 July, 2025 11:15:20 AM


സർവീസ് ലിഫ്റ്റിനുള്ളിൽ തല കുടുങ്ങി സുരക്ഷാ ജീവനക്കാരൻ മരിച്ചു



കൊച്ചി: എറണാകുളത്ത് സര്‍വീസ് ലിഫ്റ്റിനുള്ളില്‍ തല കുടുങ്ങി സ്വകാര്യ സ്ഥാപനത്തിലെ സുരക്ഷാജീവനക്കാരന്‍ മരിച്ചു. കൊല്ലം പടപ്പക്കര ചരുവിള പുത്തന്‍വീട്ടില്‍ എ. ബിജു (42) ആണ് മരിച്ചത്. എറണാകുളം പ്രോവിഡന്‍സ് റോഡിലുള്ള വളവി ആന്‍ഡ് കമ്പനിയിലെ ജീവനക്കാരനാണ് ബിജു. ഇന്നലെ രാവിലെയാണ് സംഭവം. 

സാധനങ്ങള്‍ കൊണ്ടുപോകുന്നതിന് ഉപയോഗിച്ചിരുന്ന സര്‍വീസ് ലിഫ്റ്റിലായിരുന്നു അപകടമുണ്ടായത്. ഒന്നാംനിലയില്‍നിന്ന് സാധനങ്ങള്‍ ഇറക്കുന്നതിനിടെ ഒരു പായ്ക്കറ്റ് ബിജുവിന്റെ കൈയില്‍നിന്ന് ലിഫ്റ്റിനുള്ളിലേക്ക് വീണു. ഇത് എടുക്കാന്‍ ലിഫ്റ്റിനകത്തേയ്ക്ക് തല ഇട്ടപ്പോള്‍ ലിഫ്റ്റ് താഴേക്ക് പതിക്കുകയായിരുന്നു. ബിജുവന്റെ തല ലിഫ്റ്റിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു. 

എറണാകുളം സെന്‍ട്രല്‍ പോലീസും ക്ലബ് റോഡ് അഗ്‌നിരക്ഷാ സേനയും ഉടന്‍ സ്ഥലത്തെത്തി ലിഫ്റ്റിന്റെ മുകള്‍ഭാഗം ഉയര്‍ത്തി ബിജുവിനെ പുറത്തെടുത്തു. ബിജുവിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ സെന്‍ട്രല്‍ പോലീസ് കേസെടുത്തു. ഭാര്യ: അജിത. മക്കള്‍: അനുമോള്‍, ആന്റണി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K