28 April, 2025 07:52:33 PM
പ്രശസ്ത സംവിധായകൻ ഷാജി എൻ കരുൺ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ കരുൺ(73) അന്തരിച്ചു. വഴുതക്കാട് ഉദാര ശിരോമണി റോഡിലെ വസതിയായ 'പിറവി' യിലായിരുന്നു അന്ത്യം. പിറവി, വാനപ്രസ്ഥം, കുട്ടിസ്രാങ്ക് തുടങ്ങിയ കലാമൂല്യമുള്ള സിനിമകൾ ഒരുക്കിയ ഷാജി എൻ കരുൺ 40 ഓളം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്. ഭാര്യ: അനസൂയ വാര്യർ. മക്കൾ: അപ്പു കരുൺ, കരുൺ അനിൽ.
1952-ൽ കൊല്ലം ജില്ലയിലെ കണ്ടച്ചിറയിലാണ് ഷാജി എൻ കരുൺ ജനിച്ചത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽനിന്ന് ബിരുദവും 1974-ൽ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഛായാഗ്രഹണത്തിൽ ഡിപ്ലോമയും നേടി. 1975-ൽ കേരള സംസ്ഥാന ചലച്ചിത്ര വികസനകോർപ്പറേഷന്റെ രൂപവത്കരണത്തിൽ മുഖ്യ പങ്കുവഹിച്ചു. 1976-ൽ കെഎസ്എഫ്ഡിസിയിൽ ഫിലിം ഓഫീസർ ആയി ചുമതലയേറ്റു. കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാൻ, പോക്കുവെയിൽ, ചിദംബരം, ഒരിടത്ത് തുടങ്ങി നിരവധി ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവഹിച്ചു.
1988ലാണ് 'പിറവി' എന്ന ഷാജി എൻ കരുൺ സംവിധാനം ചെയ്ത ആദ്യ ചിത്രം റിലീസ് ചെയ്തത്. ചിത്രം കാൻസ് ഫിലിം ഫെസ്റ്റിവൽ ഉൾപ്പടെ എഴുപതോളം ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുകയും 31 പുരസ്കാരങ്ങൾ നേടുകയും ചെയ്തു. പിന്നാലെ അദ്ദേഹം ഒരുക്കിയ സ്വം എന്ന ചിത്രം കാൻ ചലച്ചിത്രമേളയിൽ പാംദോറിന് നാമനിർദേശം ചെയ്യപ്പെടുകയും 'വാനപ്രസ്ഥം' കാനിൽ ഔദ്യോഗികവിഭാഗത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു.
സംവിധായകൻ എന്ന നിലയിൽ ഏഴ് വീതം ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയ അദ്ദേഹം മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം ഒരു തവണയും സംസ്ഥാന പുരസ്‌കാരം മൂന്ന് തവണയും നേടിയിട്ടുണ്ട്. കഴിഞ്ഞവർഷം ജെ സി ഡാനിയേൽ പുരസ്കാരം നേടിയിരുന്നു. ഫ്രഞ്ച് സർക്കാരിന്റെ അന്താരാഷ്ട്ര അംഗീകാരമായ 'ദ ഓർഡർ ഓഫ് ആർട്‌സ് ആൻഡ് ലെറ്റേഴ്‌സ്', പത്മശ്രീ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.