17 May, 2026 12:00:31 PM


കേന്ദ്രമന്ത്രിയുടെ മകൻ പോക്‌സോ കേസിൽ അറസ്റ്റിൽ



ഹൈദരാബാദ്: പോക്‌സോ കേസില്‍ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയതിന് പിന്നാലെ കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് കുമാറിന്റെ മകന്‍ ബണ്ടി ബഗീരത് പൊലീസിന് മുന്നിൽ കീഴടങ്ങി. ബഗീരത് രാജ്യം വിടുന്നത് തടയാനായിരുന്നു സൈബറാബാദ് പൊലീസ് നടപടി സ്വീകരിച്ചത്. 17വയസുള്ള പെൺകുട്ടിയുടെ അമ്മയാണ് ബഗീരതിനെതിരെ പരാതി നല്‍കിയത്. മകളുമായി ബന്ധമുണ്ടായിരുന്ന ബഗീരത് കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് ആരോപണം. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോക്‌സോ നിയമത്തിലെ കൂടുതല്‍ കര്‍ശനമായ വകുപ്പുകള്‍ പൊലീസ് ചുമത്തി.

സംഭവത്തില്‍ ബഗീരത് പെണ്‍കുട്ടിയുടെ കുടുംബത്തിനെതിരെയും പരാതി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടി തന്നോട് വന്ന് അടുപ്പം സ്ഥാപിച്ച ശേഷം വീട്ടിലെ വിശേഷങ്ങള്‍ക്ക് ക്ഷണിച്ചു. വീട്ടുകാരെയും പെണ്‍കുട്ടിയെയും വിശ്വസിച്ച് അവര്‍ക്കൊപ്പം പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ പെണ്‍കുട്ടിയെ താന്‍ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധിച്ചു. എതിര്‍ത്തപ്പോള്‍ പണം ആവശ്യപ്പെടുകയും ഇല്ലെങ്കില്‍ വ്യാജ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി എന്നാണ് ബഗീരത് തന്റെ പരാതിയില്‍ പറയുന്നത്. ഭയം മൂലം പെണ്‍കുട്ടിയുടെ കുടുംബത്തിന് 50,000രൂപ ആദ്യം നല്‍കി. പിന്നീട് അവര്‍ 5 കോടി ആവശ്യപ്പെട്ടെന്നും ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ പെണ്‍കുട്ടിയുടെ അമ്മ ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കിയെന്നും ബഗീരത് പരാതിയില്‍ പറയുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 953