25 June, 2026 10:19:39 AM
ബിജെപി കൗൺസിലർ ആർ. സുഗതന് തിരിച്ചടി; കാപ്പ ചുമത്തിയത് സർക്കാർ അംഗീകരിച്ചു

തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ സുഗതനെതിരായ കാപ്പ അംഗീകരിച്ച് സംസ്ഥാന സര്‍ക്കാര്‍. ആഭ്യന്തര വകുപ്പാണ് കാപ്പ ചുമത്തിയ നടപടി അംഗീകരിച്ചത്. ജില്ലാ കളക്ടറുടെ നടപടിയാണ് അംഗീകരിച്ചത്. ആഭ്യന്തര വകുപ്പിലെ സമിതി ഇന്നലെയാണ് അംഗീകാരം നല്‍കിയത്. എന്നാല്‍ ഇളവിന് കാപ്പ ഉപദേശക സമിതിയെ സമീപിക്കണം. സര്‍ക്കാര്‍ സമിതി രൂപീകരിക്കാന്‍ വൈകുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ജൂലൈ 26ന് മുമ്പ് കാപ്പ കേസില്‍ ജാമ്യമില്ലെങ്കില്‍ സുഗതന്‍ കൗണ്‍സിലര്‍ സ്ഥാനത്ത് നിന്ന് അയോഗ്യനാകും. അതിനുമുന്‍പ് ജാമ്യം നേടാനാണ് ബിജെപി ശ്രമിക്കുന്നത്. കാപ്പ ഒഴിവാക്കുന്നതിനോടൊപ്പം സുഗതന്റെ പുനഃസത്യപ്രതിജ്ഞയില്‍ ഇളവ് തേടി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബിജെപി.
കഴിഞ്ഞമാസം വട്ടിയൂർക്കാവിനടുത്തുള്ള ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ഒരാളെ കൊല്ലാൻ ശ്രമിച്ച കേസിൽ ഒളിവിലിരിക്കേയാണ് പൊലീസ് സുഗതനെ പിടികൂടിയത്. സുഗതൻ്റെ അനുയായികൾ വളഞ്ഞതോടെ ആകാശത്തേക്ക് വെടിവച്ചാണ് വട്ടിയൂർക്കാവ് എസ്എച്ച്ഒയും സംഘവും സുഗതനെ പിടികൂടിയത്. സംഘർഷത്തിൽ എസ്എച്ച്ഒ വിപിനും എസ്ഐ അഭിജിത്തിനും പരിക്കേറ്റിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ പൊലീസ് കാപ്പ ചുമത്തിയിരുന്നു.
നിലവിൽ സുഗതൻ പൂജപ്പുര സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാണ്. കാപ്പാ കേസ് ആയതിനാലാണ് കോടതിയിൽ ഹാജരാക്കാതെ ജയിലിലേക്ക് മാറ്റിയത്. സുഗതനെ കരുതൽ തടങ്കലിൽ ആക്കേണ്ടത് പൊതുജന സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്നാണ് കാപ്പാ റിപ്പോർട്ടിൽ പറയുന്നത്. 2012 മുതൽ നരഹത്യാശ്രമം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, ലഹള ഉണ്ടാക്കാൻ ശ്രമിക്കൽ എന്നീ കേസുകളിൽ പ്രതിയാണ്. 2023, 2025 വർഷങ്ങളിൽ അറിയപ്പെടുന്ന റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തി. അതിനുശേഷവും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവെന്നും റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കുന്നുണ്ട്.




