01 June, 2026 01:57:03 PM
ബാറിലെ തർക്കം റോഡിലേക്ക്: ചെന്നൈയില്‍ പതിനെട്ടുകാരിയെ കാറിടിച്ച് കൊലപ്പെടുത്തി

ചെന്നൈ: ബാറിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. ചെന്നൈയിലാണ് സംഭവം. വില്ലുപുരത്ത് താമസിക്കുന്ന ശ്രീലങ്കന്‍ അഭയാര്‍ത്ഥിയായ യാന്‍സിയാണ് കൊല്ലപ്പെട്ടത്. പതിനെട്ട് വയസായിരുന്നു പെൺകുട്ടിയുടെ പ്രായം. യാന്‍സിക്കൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന പതിനേഴുകാരിക്ക് പരിക്കേറ്റു. സംഭവത്തില്‍ ബാലമുരുകന്‍ (21), ജോഷ്വ (19), കിഷോര്‍ കുമാര്‍ (19) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം ചെന്നൈയിലെ ഒരു സ്വകാര്യ ബാറിലാണ് സംഭവങ്ങളുടെ തുടക്കം. യാന്‍സിയും സുഹൃത്തുക്കളും നൃത്തം ചെയ്തപ്പോള്‍ അവിടെയുണ്ടായിരുന്ന മറ്റൊരു സംഘവുമായി വാക്കേറ്റമുണ്ടായി. തര്‍ക്കം രൂക്ഷമായതോടെ ബൗണ്‍സേഴ്‌സ് ഇടപെട്ടാണ് പ്രശ്‌നം പരിഹസിച്ചത്. ബാറില്‍ നിന്ന് പുറത്തിറങ്ങിയ ശേഷവും ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റം തുടര്‍ന്നു. കയ്യാങ്കളിയായതോടെ ബൗണ്‍സേഴ്‌സ് വീണ്ടും ഇടപെട്ടു. ഇതിന് ശേഷം രണ്ട് സംഘത്തിലുള്ളവരും അവിടെ നിന്ന് മടങ്ങി.
യാന്‍സിയും സുഹൃത്തുക്കളും ഇരുചക്രവാഹനങ്ങളിലാണ് ബാറില്‍ നിന്ന് മടങ്ങിയത്. എതിര്‍സംഘത്തിലുണ്ടായിരുന്ന യുവാക്കളുടെ യാത്ര കാറിലായിരുന്നു. വഴിയില്‍വെച്ച് യാന്‍സിയും സുഹൃത്തുക്കളും യുവാക്കളുടെ കാര്‍ കാണുകയും അതിന് നേരെ കല്ലെറിയുകയും ചെയ്തു. യുവാക്കള്‍ കാറില്‍ അവരെ പിന്തുടരുകയും യാന്‍സിയും സുഹൃത്തും സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയുമായിരുന്നു. റോഡില്‍ തെറിച്ചുവീണ യാന്‍സി സംഭവ സ്ഥലത്തുതന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് സാരമായ പരിക്കേറ്റു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതിനിടെ തര്‍ക്കമുണ്ടായ ചെന്നൈയിലെ സ്വകാര്യ ബാര്‍ പൊലീസ് പൂട്ടിച്ചു. പതിനെട്ട് വയസിന് താഴെയുള്ളവര്‍ക്ക് പ്രവേശനം അനുവദിച്ചതിനാണ് നടപടി. കൊലപാതകത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.




