31 May, 2026 11:35:06 AM


നെടുമങ്ങാട്ടെ ഒന്നരവയസുകാരന്‍റെ മരണം കൊലപാതകം, അമ്മയും ആൺസുഹൃത്തും കസ്റ്റഡിയിൽ



തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസുകാരൻ മരിച്ച സംഭവം ക്രൂരമായ കൊലപാതകമാണെന്ന് പോലീസ്.പനവൂർ കരിക്കുഴി നെല്ലിക്കുന്നിൽ വാടകക്കു താമസിക്കുന്ന അഖിലയുടെ മകൻ അർഷാദ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ അഖില, ഇവരുടെ ആൺ സുഹൃത്ത് അഷ്കർ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. അഷ്കർ കുഞ്ഞിനെ സ്ഥിരമായി ക്രൂരമായ മർദനത്തിന് ഇരയാക്കാറുണ്ടായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇത്തരത്തിൽ ഏറ്റ കടുത്ത മർദനം മൂലം കുട്ടിക്ക് ആന്തരിക രക്തസ്രാവം ഉണ്ടാവുകയും ഇതാണ് മരണത്തിലേക്ക് നയിക്കുകയും ചെയ്തത്.

തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയെന്ന് പറഞ്ഞാണ് അഷ്കർ കുഞ്ഞിനെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ചികിത്സയിലിരിക്കെ കുഞ്ഞ് മരണപ്പെടുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ ഇൻക്വസ്റ്റ് പരിശോധനയിലാണ് കുഞ്ഞിന്റെ ശരീരത്തിൽ ക്രൂരമായ മർദനമേറ്റതിന്റെ നിരവധി പാടുകൾ കണ്ടെത്തിയത്. രണ്ടാനച്ഛനായ അഷ്‌കർ കുഞ്ഞിനെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കളും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

കുഞ്ഞിന്റെ മരണത്തിൽ ആദ്യമേ തന്നെ ദുരൂഹതയുണ്ടെന്ന് കുട്ടിയുടെ മുത്തച്ഛനായ സുനിൽകുമാറും ആരോപിച്ചിരുന്നു. തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയാണ് കുട്ടി മരിച്ചതെന്നാണ് തങ്ങളെ ആദ്യം അറിയിച്ചതെന്നും എന്നാൽ കുട്ടിയുടെ മൃതദേഹത്തിൽ സിഗരറ്റ് വെച്ച് പൊള്ളിച്ചതുപോലെയുള്ള പാടുകൾ ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. അഖിലയുടെ ആദ്യ ഭർത്താവിന്റെ പിതാവാണ് സുനിൽകുമാർ. 

സംഭവ ദിവസം ചോറ് നല്‍കുന്നതിനിടെ കുഞ്ഞ് കരഞ്ഞെന്നും കരച്ചില്‍ നിര്‍ത്താത്തതിനെ തുടര്‍ന്ന് തലയില്‍ ശക്തമായി അടിച്ചെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. അടിയേറ്റ കുഞ്ഞിന്റെ ബോധം നഷ്ടമായെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നു. പ്രതിയുടെ മൊഴിയുടെയും കുഞ്ഞിന്റെ ശരീരത്തിലേറ്റ മുറിവുകളുടെയും അടിസ്ഥാനത്തില്‍ ദീര്‍ഘനാളായി ഇയാള്‍ കുഞ്ഞിനെ മര്‍ദ്ദിച്ചിരുന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കുഞ്ഞിന്റെ കൈകള്‍ ഒടിഞ്ഞത് പ്രതിയുടെ ആക്രമണത്തില്‍ ആണോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. 

കുഞ്ഞിന്റെ ശരീരത്തില്‍ 51 മുറിവുകളുണ്ടായിരുന്നതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവയില്‍ പലതും പഴയ മുറിവുകളാണ്. കുഞ്ഞിന്റെ എല്ലുകള്‍ക്ക് ഒടിവും കണ്ടെത്തി. ജനനേന്ദ്രിയത്തിലും പരിക്കേറ്റിട്ടുണ്ട്. കൈകാലുകളിലും മുതുകിലും പൊള്ളലേറ്റതിന്റെ അടയാളങ്ങളുണ്ട്. കുഞ്ഞിന്റെ തലയ്ക്ക് പിന്നില്‍ ശക്തമായ ക്ഷതമേറ്റിട്ടുണ്ട്. ആന്തികാവയവങ്ങള്‍ക്കേറ്റ ക്ഷതവും ക്രൂരമായ ശാരീരിക മര്‍ദ്ദനമാണ് മരണത്തിലേക്ക് നയിച്ചതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. അഖില നൃത്തപരിപാടിക്കായി തമിഴ്‌നാട്ടില്‍ പോയ സമയത്തായിരുന്നു സംഭവം. ചോറ് കഴിക്കുന്നതിനിടയില്‍ ഛര്‍ദ്ദിച്ചുവെന്ന് പറഞ്ഞാണ് അഷ്‌കര്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. പ്രാഥമിക ചോദ്യം ചെയ്യലില്‍ അഷ്‌കര്‍ കുഞ്ഞിനെ മര്‍ദ്ദിച്ചിരുന്നുവെന്ന് അഖില സമ്മതിച്ചിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K