28 May, 2026 08:01:49 PM
കായംകുളത്ത് 80കാരിയെ കൊന്ന് കായലിൽ കെട്ടിത്താഴ്ത്തിയ സംഭവം; അയൽവാസി പിടിയിൽ

ആലുപ്പുഴ: കായംകുളത്ത് വയോധികയെ കൊലപ്പെടുത്തി മൃതദേഹം കായലില്‍ കെട്ടിത്താഴ്ത്തിയ പ്രതി പിടിയില്‍. അയല്‍വാസിയായ പ്രകാശനാണ് പിടിയിലായത്. കണ്ടല്ലൂര്‍ സ്വദേശിനി തങ്കമ്മയുടെ (80) മൃതദേഹം ചൊവ്വാഴ്ച ഉച്ചയോടെയാണ് കനകക്കുന്ന് ജെട്ടിക്ക് സമീപത്തുനിന്ന് കണ്ടെത്തിയത്.
മൃതദേഹത്തിന്റെ കൈകാലുകള്‍ കയറുകൊണ്ട് കെട്ടിയ നിലയിലായതിനാല്‍ സംഭവം കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലായിരുന്നു പൊലീസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും കൊലപാതകമാണെന്ന് കണ്ടെത്തിയിരുന്നു. മോഷണശ്രമത്തിനിടെ തങ്കമ്മയെ ബോധരഹിതയാക്കി ശേഷം മരിച്ചെന്ന ധാരണയില്‍ കായലില്‍ ഉപേക്ഷിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.
പൊലീസ് മൂന്ന് ടീമുകളായി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സംശയത്തിന്റെ അടിസ്ഥാനത്തില്‍ ആറുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് ഉച്ചയോടെയാണ് യഥാര്‍ഥ പ്രതിയിലേക്ക് പൊലീസ് എത്തിയത്. വയോധികയുടെ കഴുത്തില്‍ മാല, കൈയില്‍ അഞ്ച് വളകള്‍, മോതിരം, കമ്മല്‍ എന്നിവയുണ്ടായിരുന്നു. എന്നാല്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കിടയില്‍ തങ്കമ്മയുടെ ശരീരത്തില്‍ ആഭരണങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല.
തങ്കമ്മ വീട്ടില്‍ തനിച്ചായിരുന്നു താമസം. ഇവരുടെ മകനും കുടുംബവും മറ്റൊരു വീട്ടിലും, വിവാഹിതയായ മകള്‍ ഭര്‍തൃവീട്ടിലുമാണ് താമസിക്കുന്നത്. കൊലപാതകത്തിന് രണ്ടുദിവസം മുന്‍പ് തങ്കമ്മയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ കനകക്കുന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിവരുന്നതിനിടെയാണ് കായലില്‍ മീന്‍പിടിത്തക്കാര്‍ മൃതദേഹം കണ്ടെത്തിയത്.




