21 June, 2026 05:29:05 PM
അശ്ലീല ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു; യൂട്യൂബര്‍ തൊപ്പിക്കെതിരെ കേസെടുത്ത് പൊലീസ്

കൊച്ചി: സുഹൃത്തുക്കളുടെ നഗ്നവീഡിയോകൾ ഫേസ്‌ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ പ്രമുഖ വ്ലോഗർ തൊപ്പി എന്ന നിഹാദിനെതിരെ കേസെടുത്തു. ഐടി നിയമം വകുപ്പ് 66 പ്രകാരം എറണാകുളം റൂറൽ സൈബർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കുറ്റം തെളിയിക്കപ്പെട്ടാൽ പ്രതിക്ക് മൂന്ന് വർഷം വരെ തടവും അഞ്ച് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
സുഹൃത്തുക്കൾ തമ്മിലുണ്ടായ വ്യക്തിപരമായ തർക്കങ്ങൾക്ക് പിന്നാലെയാണ് ഒപ്പമുണ്ടായിരുന്നവരുടെ നഗ്നവീഡിയോകൾ തൊപ്പി പുറത്തുവിട്ടത്. ഇതിനെച്ചൊല്ലി ദിവസങ്ങളോളം ഇരുപക്ഷവും സമൂഹമാധ്യമങ്ങളിൽ ആരോപണ പ്രത്യാരോപണങ്ങളുമായി ലൈവ് വീഡിയോകൾ ചെയ്തിരുന്നു. തന്റെ വീട്ടിലേക്ക് മറ്റ് സുഹൃത്തുക്കൾ ലഹരിമരുന്ന് കയറ്റിവെച്ചുവെന്ന ആരോപണം ആദ്യം ഉന്നയിച്ചത് തൊപ്പിയാണ്. എന്നാൽ, തൊപ്പി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വരെ ഉൾപ്പെടുത്തി ലൈംഗിക ചൂഷണം നടത്തിയെന്നും പണം നൽകി കേസ് ഒതുക്കിത്തീർത്തുവെന്നും ആരോപിച്ച് സുഹൃത്തായ ഷമീർ രംഗത്തെത്തി. പഴയ കാര്യമാണെങ്കിലും പോക്സോ കുറ്റം അല്ലാതാകുമോ എന്നും ഷമീർ ചോദിക്കുന്നു. ഇതിന് പുറമെ നിഹാദിന്റെ മുറിയിൽ നിന്നും കഞ്ചാവ് കണ്ടെത്തുന്ന വീഡിയോയും ഇവർ പുറത്തുവിട്ടു.
തൊപ്പിയുടെ അടിവസ്ത്രങ്ങൾ വരെ തങ്ങൾ അലക്കിയിരുന്നുവെന്നും പറയുന്നതുപോലെ ചെയ്തില്ലെങ്കിൽ മർദ്ദിക്കുമായിരുന്നുവെന്നും കാണിച്ച് ഷമീർ, മുഹമ്മദ് എന്നിവർ തൊപ്പിക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. ഈ സംഘത്തിന്റെ തർക്കങ്ങൾ അതിരുവിട്ടതോടെയാണ് ശ്രീജിത്ത് പെരുമന പോലീസിനെ സമീപിച്ചത്. ലക്ഷക്കണക്കിന് കുട്ടികൾ തത്സമയം കാണുന്ന യൂട്യൂബ് ലൈവിലൂടെ ബ്ലർ ചെയ്ത രീതിയിൽ സ്വയംഭോഗം പ്രദർശിപ്പിച്ചും, സ്ത്രീകളെ അശ്ലീലമായി അധിക്ഷേപിക്കുന്ന ഓഡിയോ ക്ലിപ്പുകൾ പങ്കുവെച്ചും സൈബർ ഇടങ്ങളെ ഇവർ മലിനമാക്കിയതായി പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.
അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനും ലഹരി ഉപയോഗം പ്രോത്സാഹിപ്പിച്ചതിനും നേരത്തെ തന്നെ തൊപ്പിക്കെതിരെ പോലീസ് അന്വേഷണം നടക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് പുതിയ പരാതി ലഭിച്ചതും പോലീസ് കേസെടുത്തതും. സുഹൃത്തുക്കളുടെ നഗ്നവീഡിയോ പോസ്റ്റ് ചെയ്തതിന്റെ ഡിജിറ്റൽ തെളിവുകൾ തൊപ്പിയുടെ ഫേസ്‌ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് പേജുകളിൽ നിന്ന് സൈബർ പോലീസ് കണ്ടെത്തിയിട്ടുണ്ട്.




