21 October, 2025 06:24:59 PM
കനത്തമഴ: ഇടുക്കിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തൊടുപുഴ: കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുക്കുന്ന സാഹചര്യത്തില്‍ നാളെ ഇടുക്കി ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.
മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് പ്രഫഷനല്‍ കോളജുകള്‍, അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍, മദ്രസകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചത്.
അതേസമയം, മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. അവധിമൂലം നഷ്ടപ്പെടുന്ന പഠനസമയം ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉള്‍പ്പെടെ നടത്തി ക്രമീകരിക്കാന്‍ അതത് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
മലയോരമേഖലയില്‍ രാത്രി യാത്രക്കും നിരോധനം ഏര്‍പ്പെടുത്തി. ഖനനപ്രവര്‍ത്തനങ്ങളും മണ്ണെടുപ്പും നിരോധിച്ചു. തൊഴിലുറപ്പ്, തോട്ടം ജോലികള്‍ നിര്‍ത്തിവയ്ക്കണം, സാഹസിക ജലവിനോദങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി