08 October, 2025 12:21:10 PM
കോതമംഗലത്ത് 17കാരന് ക്രൂര മർദനം; പെൺസുഹൃത്തിന്റെ അച്ഛനും കൂട്ടരും പിടിയിൽ

കൊച്ചി: കോതമംഗലത്ത് 17കാരനായ വിദ്യാര്‍ത്ഥിയെ പെണ്‍സുഹൃത്തിന്റെ പിതാവും സുഹൃത്തുക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചതായി പരാതി. വാരപ്പെട്ടി ഇളങ്ങവം സ്വദേശിയായ 17 കാരനാണ് മർദനമേറ്റത്. പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കേസെടുത്ത കോതമംഗലം പൊലീസ്, പെണ്‍സുഹൃത്തിന്റെ പിതാവ് ഉള്‍പ്പെടെ നാലുപേരെ അറസ്റ്റു ചെയ്തു. 17കാരനും പെൺകുട്ടിയും പ്ലസ് ടു വിദ്യാർത്ഥികളാണ്.
ഇന്നലെ പെൺകുട്ടിക്ക് സുഖമില്ലാത്തതിനെ തുടർന്ന് കോതമംഗലത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ വച്ച് പെൺകുട്ടിയുടെ ഫോൺ കൈക്കലാക്കിയ പിതാവും കൂട്ടുകാരും കൂടി 17കാരനോട് ചാറ്റ് ചെയ്ത് വീടിന് പുറത്തെത്തിക്കുകയായിരുന്നു. തുടർന്ന് വാടക വീട്ടിലെത്തിച്ച് മർദ്ദിക്കുകയും ചെയ്തു. ശേഷം ആൺകുട്ടിയെ വീടിന് സമീപം പുലർച്ചെ 2 മണിയോടെ കൊണ്ടാക്കുകയും ചെയ്തു. വടികൊണ്ട് തല്ലിയെന്നും നിലത്തിട്ട് ചവിട്ടിയെന്നുമാണ് 17കാരൻ പൊലീസിന് മൊഴിനൽകിയത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.