07 October, 2025 10:02:18 AM
മണ്ണ് മാന്തിയന്ത്രവും ഇലക്ട്രിക് സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

എറണാകുളം :കൂത്താട്ടുകുളത്ത് ഒലിയപ്പുറം റോഡിൽ മണ്ണ് മാന്തിയന്ത്രവും ഇലക്ട്രിക് സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. തിരുമാറാടി ഓണാട്ട് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന നെടുങ്കണ്ടം സ്വദേശി സന്തോഷ് (50) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന ഒലിയപ്പുറം ആക്കതടത്തിൽ എ എൻ റെജി (43)യെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കൾ രാത്രി ഏഴോടെ ചമ്പോന്തയിൽതാഴം കാർ വർക്ക് ഷോപ്പിന് സമീപമാണ് അപകടം നടന്നത്. കൂത്താട്ടുകുളം ഭാഗത്തു നിന്നു വന്ന മണ്ണുമാന്തിയന്ത്രവും എറണാകുളം ഭാഗത്തു നിന്നു വന്ന സ്കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് അപകടത്തിൽ പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റിയത്. റോഡിലെ വെളിച്ചക്കുറവ് കാരണം മണ്ണ് മാന്തിയന്ത്രമാണ് വരുന്നതെന്ന് സ്കൂട്ടർ യാത്രികർ തിരിച്ചറിഞ്ഞില്ല. ഇതാണ് അപകട കാരണമെന്ന നിഗമനത്തിലാണ് നാട്ടുകാർ.