03 October, 2025 11:03:44 AM
മൂവാറ്റുപുഴയാറില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു; കാണാതായ സുഹൃത്തിനായി തിരച്ചില്‍

കൊച്ചി: രാമമംഗലം ക്ഷേത്രക്കടവിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട രണ്ട് യുവ എഞ്ചിനിയർമാരിൽ ഒരാൾ മരിച്ചു. ചോറ്റാനിക്കര എരുവേലി ഞാറ്റുംകാലയിൽ ആൽബിൻ ഏലിയാസാ(21)ണ് മരിച്ചത്. ഒഴുക്കിൽപ്പെട്ട വയനാട് സ്വദേശി അർജുനായി തെരച്ചിൽ തുടരുകയാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവമുണ്ടായത്.
പിറവത്തിനടുത്ത് രാമമംഗലം അപ്പാട്ടുകടവില്‍ കുളിക്കാന്‍ എത്തിയതായിരുന്നു ആല്‍ബിനും അര്‍ജുനും മറ്റൊരു സുഹൃത്തായ ഫോര്‍ട്ടു കൊച്ചി സ്വദേശിയും. ആല്‍ബിനും അര്‍ജുനും കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഒഴുക്കില്‍പ്പെട്ടവരെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അഗ്‌നിരക്ഷാസേന കൂടി എത്തി നടത്തിയ തിരച്ചിലില്‍ മുങ്ങിയ സ്ഥലത്തിന് അടുത്തു തന്നെ ആല്‍ബിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
എരുവേലി ഞാറ്റുംകാലായിൽ ഏലിയാസിന്റെയും സോയയുടെയും മകനാണ് ആൽബിൻ. സഹോദരൻ: അലൻ. സംസ്കാരം പിന്നീട് നടക്കും. മൂവാറ്റുപുഴയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് മൂവരും ബിടെക് കോഴ്‌സ് പഠിച്ചിറങ്ങിയത്. രാമമംഗലത്തുള്ള ആല്‍ബിന്റെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു മൂവരും എന്നാണ് വിവരം. പിന്നാലെയാണ് ദുരന്തത്തില്‍പ്പെടുന്നത്.