01 October, 2025 08:05:34 PM
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു; സുഹൃത്തിന് പരിക്ക്

കൊച്ചി: ആലുവ പുളിഞ്ചോട് കവലക്ക് സമീപം ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. ബെെക്കോടിച്ചിരുന്ന യുവാവിന് പരിക്കേറ്റു. ചാലക്കുടി പോട്ട സ്വദേശികളും സുഹൃത്തുക്കളുമായ യുവതിയും യുവാവും സഞ്ചരിച്ച ബൈക്കാണ് ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെ പുളിഞ്ചോട് കവലയിൽ വെച്ച് അപകടത്തിൽപ്പെട്ടത്. ചാലക്കുടി പോട്ട ഞാറക്കൽ വീട്ടിൽ സുദേവന്റെ മകൾ അനഘ (26) ആണ് മരിച്ചത്.
ചാലക്കുടി പോട്ട വടുതല വീട്ടിൽ ജയപ്രകാശ് നാരായണന്റെ മകൻ ജിഷ്ണു(30)വിനെ പരിക്കുകളോടെ ആലുവ നജാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ ലുലു മാൾ സന്ദർശിക്കാനായി ചാലക്കുടിയിലെ വീട്ടിൽ നിന്ന് പുറപ്പെട്ടതായിരുന്നു ഇരുവരും. അനഘ ഇൻഫോപാർക്ക് സൈബർ സെക്യൂരിറ്റി വിഭാഗം ജീവനക്കാരിയായിരുന്നു. ജിഷ്ണു ഇരിങ്ങാലക്കുടയിൽ സ്വന്തമായി ബൈക്ക് ആക്സസറീസ് ഷോപ്പ് നടത്തിവരികയാണ്. ഇരുവരും വിവാഹിതരാവാൻ തയാറെടുത്തിരിക്കവെയാണ് അപകടമുണ്ടായത്.