20 September, 2025 09:08:55 AM


അങ്കമാലിയിലെ പാറമടയില്‍ അജ്ഞാത മൃതദേഹം; അരയ്ക്ക് മുകളിലേക്കില്ല



കൊച്ചി: അങ്കമാലി അയ്യമ്പുഴയില്‍ വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന പാറമടയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. അമലാപുരത്ത് തട്ടുപാറ പള്ളിക്കു സമീപമുള്ള ഉപയോഗ ശൂന്യമായി കിടന്നിരുന്ന പാറമടയിലാണ് മൃതദേഹ ഭാഗം കണ്ടത്തിയത്. അരയ്ക്കു താഴേക്കുള്ള ഭാഗം കാലുകള്‍ കൂട്ടിക്കെട്ടിയ നിലയിലാണ്. ട്രാക് സ്യൂട്ട് ധരിച്ച നിലയിലാണ് മൃതദേഹ ഭാഗമുള്ളത്. നിലവില്‍ അരയ്ക്കു മുകളിലേക്കുള്ള ഭാഗം കണ്ടെത്തിയിട്ടില്ല.

വെള്ളിയാഴ്ച വൈകീട്ട് വൈകിട്ട് 4 മണിയോടെ ചൂണ്ടയിടാനെത്തിയ രണ്ടു പേരാണ് മൃതദേഹം കണ്ടത്. ഇവര്‍ വിവരം അറിയിച്ച പ്രകാരമാണ് നാട്ടുകാരും പൊലീസും സ്ഥലത്ത് എത്തിയത്. എ എസ്പി ഹാര്‍ദിക് മീണ, അയ്യമ്പുഴ ഇന്‍സ്‌പെക്ടര്‍ ടി കെ ജോസി എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇരുട്ട് വീണതിനാല്‍ മൃതദേഹം ഇന്നലെ കരയ്ക്കു കയറ്റാനായില്ല. കാടുപിടിച്ച നിലയിലുള്ള പാറമടയുടെ സമീപപ്രദേശങ്ങള്‍ ആള്‍ സഞ്ചാരമില്ലാതെ കിടക്കുകയാണ്.

സംഭവം കൊലപാതകമാണെന്നാണ് നിഗമനം. നിലവില്‍ കാണാതായവരെ കേന്ദ്രീകരിച്ചാണ് പരിശോധന. എന്നാല്‍ അയ്യമ്പുഴ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പരാതികളൊന്നും നിലവിലില്ല. ഇന്ന് രാവിലെ മൃതദേഹം പാറമടയില്‍ നിന്നു പുറത്തെടുക്കും. ബാക്കി ശരീരഭാഗത്തിനായി തിരച്ചില്‍ നടത്തുകയും ചെയ്യും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K