12 September, 2025 08:37:20 PM
പറന്നുയരുന്നതിനിടെ വിമാനത്തിന്റെ ചക്രം ഊരിപ്പോയി; മുംബൈയിൽ അടിയന്തിര ലാൻഡിംഗ്

മുംബൈ: ടേക്ക് ഓഫിനിടെ വിമാനത്തിന്റെ ചക്രം ഊരിപ്പോയി. കാണ്ട്‌ലയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ മുന്‍വീലാണ് ടേക്ക് ഓഫിനിടെ ഇളകി വീണത്. മുംബൈയില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിന് മുന്‍പായി വിമാനത്താവളത്തില്‍ പൂര്‍ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കിലും സുരക്ഷിതമായി താഴെ ഇറക്കി.തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.39-ന് പുറപ്പെട്ട സ്‌പൈസ് ജെറ്റ്-2906 എന്ന ഫ്ളൈറ്റ് നമ്പറുള്ള ബോംബാര്‍ഡിയര്‍ ഡിഎച്ച്സി8-400 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കാണ്ഡലയിലെ റണ്‍വേ 23-ല്‍ നിന്ന് ടേക്ക് ഓഫ് ചെയ്യുന്നതിനിടെമുന്‍ വീല്‍ ഊരിത്തെറിക്കുകയായിരുന്നു. യാത്ര തുടര്‍ന്ന വിമാനം മുംബൈയില്‍ സുരക്ഷിതമായി ലാന്‍ഡിങ് നടത്തി. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് സ്‌പൈസ് ജെറ്റ് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ഡിജിസിഎ അന്വേഷണം ആരംഭിച്ചു. 75 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.