07 September, 2025 12:10:49 PM


കാസര്‍കോട് മകൾക്കും ബന്ധുവിനും നേരെ ആസിഡ് ആക്രമണം; പിതാവ് അറസ്റ്റില്‍



കാസര്‍കോട്: പനത്തടി പാറക്കടവില്‍ മകള്‍ക്കും ബന്ധുവിനും എതിരെ ആസിഡ് ആക്രമണം നടത്തിയ പിതാവ് അറസ്റ്റില്‍. കര്‍ണാടക കരിക്കെ ആനപ്പാറയിലെ കെ സി മനോജ് ആണ് അറസ്റ്റിലായത്. പാറക്കടവിലെ ആളൊഴിഞ്ഞ വീട്ടില്‍ വെച്ചാണ് രാജപുരം പൊലീസ് ഇയാളെ പിടികൂടിയത്. വെള്ളിയാഴ്ച രാത്രിയാണ് 17 വയസുള്ള മകളുടേയും ബന്ധുവായ 10 വയസുകാരിയുടേയും ദേഹത്ത് മനോജ് ആസിഡ് ഒഴിച്ചത്.

ആക്രമണത്തിന് പിന്നാലെ മനോജ് കര്‍ണാടകയിലേക്ക് കടന്നതായി സൂചന ലഭിച്ചിരുന്നു. മദ്യലഹരിയിലാണ് ഇയാള്‍ രണ്ട് കുട്ടികള്‍ക്ക് നേരെയും ആക്രമണം നടത്തിയത്. ഇരു കുട്ടികളെയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കൈകള്‍ക്കും കാലുകള്‍ക്കും പൊള്ളലേറ്റിട്ടുണ്ടെങ്കിലും കുട്ടികളുടെ പരിക്കുകള്‍ ഗുരുതരമല്ലെന്നായിരുന്നു പുറത്തുവന്ന വിവരം.

കുടുംബ കലഹങ്ങളുടെ പശ്ചാത്തലത്തില്‍ അമ്മയും മകളും മനോജില്‍ നിന്ന് അകന്ന് താമസിക്കുകയായിരുന്നു. ഈ വീട്ടിലേക്ക് എത്തിയാണ് മനോജ് ആക്രമണം നടത്തിയത്. റബ്ബര്‍ ഷീറ്റ് നിര്‍മാണത്തിനായി ഉപയോഗിക്കുന്ന ആസിഡാണ് മനോജ് കുട്ടികള്‍ക്ക് നേരെ പ്രയോഗിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 927