19 January, 2026 07:24:06 PM


കുമ്പളയിൽ അഭിഭാഷകയുടെ വീട്ടിൽ വൻ കവർച്ച; 29 പവൻ സ്വർണവും 5,000 രൂപയും കവർന്നു



കാസര്‍കോട്: കുമ്പള നായ്ക്കാപ്പില്‍ അഭിഭാഷകയുടെ വീടിന്റെ വാതില്‍ തകര്‍ത്ത് 29 പവന്‍ സ്വര്‍ണവും 5,000 രൂപയും വെള്ളി ആഭരണങ്ങളും കവര്‍ന്നു. ഞായറാഴ്ച വൈകിട്ട് ആറരയ്ക്കും എട്ടിനും ഇടയിലാണ് കാസര്‍കോട് ബാറിലെ അഭിഭാഷകയായ ചൈത്രയുടെ വീട്ടില്‍ മോഷണം നടന്നത്. ചൈത്രയും കുടുംബവും വീടുപൂട്ടി കണിപുര ഗോപാലകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തിന് പോയതായിരുന്നു. രാത്രി എട്ടുമണിയോടെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിയുന്നത്. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. അലമാര കുത്തിത്തുറന്ന് തുണിത്തരങ്ങള്‍ വാരി വലിച്ചിട്ടിരിക്കുകയായിരുന്നു. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് സ്വര്‍ണവും പണവും നഷ്ടപ്പെട്ടതായി അറിഞ്ഞത്. കുമ്പള പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 938