19 January, 2026 09:07:51 AM


ഒന്നര വയസുള്ള കുഞ്ഞിനെ അമ്മ കടല്‍ഭിത്തിയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസ്; വിധി ഇന്ന്



കണ്ണൂര്‍: തയ്യിലില്‍ ഒന്നര വയസുള്ള കുഞ്ഞിനെ കടല്‍ ഭിത്തിയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്. തളിപ്പറമ്പ് അഡീ. സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. തയ്യില്‍ സ്വദേശി ശരണ്യയും സുഹൃത്ത് വലിയന്നൂരിലെ നിധിനുമാണ് പ്രതികള്‍. 2020 ഫെബ്രുവരിയിലാണ് ശരണ്യ തന്റെ ഒന്നര വയസുള്ള കുഞ്ഞിനെ കടല്‍ത്തീരത്തെ ഭിത്തിയില്‍ എറിഞ്ഞ് കൊന്നത്. കാമുകനൊപ്പം ജീവിക്കുന്നതിന് വേണ്ടി ശരണ്യ ഒന്നരവയസുകാരനായ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. കുഞ്ഞിനെ കാണാതായതോടെ അച്ഛന്‍ പ്രണവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പിന്നീട് നാട്ടുകാരും പൊലീസും നടത്തിയ തെരച്ചിലിനൊടുവില്‍ കുഞ്ഞിന്റെ അമ്മയായ ശരണ്യയുടെ വീട്ടില്‍ നിന്നും 50 മീറ്റര്‍ അകലെയുള്ള പ്രദേശത്ത് നിന്നാണ് മൃതദേഹം പൊലീസ് കണ്ടെത്തിയത്. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് മകനെ കൊന്നതെന്നായിരുന്നു ശരണ്യ പൊലീസിന് നല്‍കിയ മൊഴി. കേസില്‍ 47 സാക്ഷികളെ വിസ്തരിച്ചു. മാസങ്ങള്‍ നീണ്ട വിചാരണക്ക് ശേഷമാണ് തളിപ്പറമ്പ് കോടതി വിധി പറയുന്നത്. അഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം 2025 ജനുവരിയില്‍ ശരണ്യ ജീവനൊടുക്കാനും ശ്രമിച്ചിരുന്നു. കോഴിക്കോട് റെയില്‍വെ സ്‌റ്റേഷന് സമീപത്ത് വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. യുവതി അപകടനില തരണം ചെയ്തിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K