01 September, 2025 09:14:29 AM


വയനാട്ടിൽ കാട്ടുപൂച്ചയുടെ ആക്രമണം; നാലുപേർക്ക് പരിക്ക്



വെള്ളമുണ്ട : വയനാട്ടിൽ കാട്ടുപൂച്ചയുടെ ആക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റു. പുളിഞ്ഞാൽ ഇറുമ്പൻ നിയാസിന്റെ വീട്ടിലാണ് കാട്ടുപൂച്ച ആദ്യം ആക്രമണം നടത്തിയത്. ഞായറാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. നിയാസ് പൂച്ചയെ മുറിയിൽ അടച്ചിട്ടെങ്കിലും പൂച്ച ജനാലയിലൂടെ രക്ഷപ്പെടുകയായിരുന്നു. പുറത്തുചാടിയ പൂച്ച നിയാസിനെ മാന്തിപ്പരിക്കേൽപ്പിച്ചു.

കോട്ടമുക്ക് ഉന്നതിയിലെ രാജുവിനെയും പൂച്ച ആക്രമിച്ചു. തുരത്തുന്നതിനിടെയാണ് രാജുവിനെ പൂച്ച മാന്തിയത്. ക്വാർട്ടേഴ്സിന് സമീപത്തായി വള്ളുവശ്ശേരി നസീമയെയും പൂച്ച കടിച്ചുപരിക്കേൽപ്പിച്ചു. ക്വാർട്ടേഴ്സിൽ ഓടിക്കയറിയ പൂച്ചയെ മുറിക്കകത്ത് പൂട്ടിയിട്ട് നാട്ടുകാർ വനംവകുപ്പിനെ വിവരമറിയിച്ചു. 

വലയിലാക്കുന്നതിനിടയിൽ വനംവകുപ്പ് ആർആർടി സംഘത്തിലെ ജി എൽ പ്രശാന്തിനെയും പൂച്ച ആക്രമിച്ചു. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. നോർത്ത് വയനാട് ആർആർടിയുടെ നിരീക്ഷണത്തിലാണ് കാട്ടുപൂച്ച ഇപ്പോഴുള്ളത്. പേവിഷബാധയുൾപ്പെടെ ഉള്ളതാണോയെന്ന് നിരീക്ഷിച്ചശേഷമേ വനത്തിൽ തുറന്നുവിടുകയുള്ളൂവെന്ന് വയനാട് ആർആർടി അറിയിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 940