31 August, 2025 08:00:45 PM
'അമിത് ഷായുടെ തലവെട്ടി മേശപ്പുറത്ത് വെക്കണം'; പരാമര്‍ശത്തില്‍ മഹുവ മൊയ്ത്രയ്‌ക്കെതിരെ കേസ്

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരായ പരാമര്‍ശത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രക്കെതിരെ കേസെടുത്തു. ഛത്തീസ്ഗഢിലെ റായ്പൂരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ തടയാത്ത അമിത് ഷായുടെ തലയറുക്കണമെന്നായിരുന്നു മഹുവയുടെ പരാമര്‍ശം. ഗോപാല്‍ സാമന്തോ എന്നയാളുടെ പരാതിയിലാണ് കേസെടുത്തത്.
വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ദുരുദ്ദേശപരമായ പ്രവര്‍ത്തികള്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ ബിജെപി പശ്ചിമബംഗാളിലെ കൃഷ്ണ നഗര്‍ പൊലീസിലും പരാതി നല്‍കിയിരുന്നു. അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരുടെ നുഴഞ്ഞുകയറ്റത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് അമിത് ഷായുടെ തലവെട്ടി മേശപ്പുറത്തുവെക്കണമെന്ന് മഹുവ പറഞ്ഞത്. വ്യാഴാഴ്ച പശ്ചിമബംഗാളിലെ നാദിയ ജില്ലയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മഹുവ.