29 August, 2025 01:03:07 PM


കര്‍ണാടകയില്‍ ഒമ്പതാം ക്ലാസുകാരി സ്‌കൂളിലെ ശുചിമുറിയില്‍ പ്രസവിച്ചു



ബംഗളൂരു: കര്‍ണാടകയിലെ യാദ്ഗിറില്‍ ഒമ്പതാം ക്ലാസുകാരി സ്‌കൂളിലെ ശുചിമുറിയില്‍ പ്രസവിച്ചു. സര്‍ക്കാര്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് പ്രസവിച്ചത്. സംഭവത്തില്‍ കര്‍ണാടക ബാലാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ബുധനാഴ്ച വൈകീട്ടാണ് വിദ്യാര്‍ഥിനി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പെണ്‍കുട്ടിയെയും നവജാതശിശുവിനെയും ഷഹാപൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തില്‍ കര്‍ണാടക ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയ കേസെടുത്തതായി കമ്മീഷന്‍ അംഗം ശശിധര്‍ കൊസുംബെയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിഷയത്തില്‍ വിശദമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിനും കമ്മീഷന്‍ നിര്‍ദേശം നല്‍കി.

പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് സൂപ്രണ്ട് പൃഥ്വിക് ശങ്കറിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിവരം പൊലീസിനെ അറിയിക്കുന്നതില്‍ സ്‌കൂള്‍ അധികൃതര്‍ വൈകിയെന്നും ആരോപണമുണ്ട്. സംഭവത്തില്‍ ഇടപെല്‍ വെകിയെന്ന ആരോപണത്തില്‍ അധ്യാപകര്‍ക്കും പ്രിന്‍സിപ്പലിനുമെതിരെ കേസെടുത്തിട്ടുണ്ട്. അന്വേഷണസംഘം സ്‌കൂളിലെത്തി പ്രാഥമിക അന്വേഷണം നടത്തി. പെണ്‍കുട്ടിയെയും കുടുംബത്തെയും ചോദ്യം ചെയ്യും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K