28 August, 2025 11:36:31 AM
ബിഹാറില്‍ അഞ്ചാം ക്ലാസ് വിദ്യാർഥിനി സ്‌കൂൾ ശുചിമുറിയിൽ പൊള്ളലേറ്റ നിലയിൽ; പിന്നാലെ മരണം

പാട്‌ന: ബിഹാറിലെ സര്‍ക്കാര്‍ സ്‌കൂളിലെ ശുചിമുറിയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. പാട്‌നയിലെ ചിത്‌കോഹ്‌റയിലാണ് സംഭവം. ശുചിമുറിയില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ പരിശോധിക്കുമ്പോഴാണ് പൊള്ളലേറ്റ നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഇന്നലെ രാവിലെ 10.30നാണ് സംഭവം നടന്നത്. ഉടന്‍ തന്നെ സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ വിവരം അറിയിച്ചു. ഉടന്‍ തന്നെ പൊലീസ് എത്തി കുട്ടിയെ പാട്‌ന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. കുട്ടിക്ക് 90 ശതമാനത്തോളം പൊള്ളലേറ്റിരുന്നു.
കുട്ടി മണ്ണെണ്ണ ശരീരത്തില്‍ ഒഴിച്ച് സ്വയം തീകൊളുത്തിയതാണെന്നാണ് പൊലീസ് പറയുന്നത്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും പൊലീസ് പറയുന്നു. അതിനിടെ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുട്ടിയുടെ മാതാപിതാക്കള്‍ രംഗത്തെത്തി. സ്‌കൂള്‍ അധികൃതരുടെ അശ്രദ്ധയാണ് മകളുടെ മരണകാരണമെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. രോഷാകുലരായ ബന്ധുക്കളും നാട്ടുകാരും സ്‌കൂള്‍ കെട്ടിടം അടിച്ചു തകര്‍ത്തു. ഏറ്റുമുട്ടലില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു.
പെണ്‍കുട്ടി കഴിഞ്ഞ അഞ്ച് ദിവസമായി സ്‌കൂളില്‍ എത്തിയിരുന്നില്ലെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസ് പരിശോധിച്ചുവരികയാണ്. ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ എല്ലാ വശങ്ങളിലും അന്വേഷിക്കുമെന്ന് പാട്‌ന സെന്‍ട്രല്‍ എസ്പി ദീക്ഷ പറഞ്ഞു. അധ്യാപകരുടെയടക്കം വിശദമായ മൊഴിയെടുത്തുവരികയാണ്. അവര്‍ക്ക് സംഭവത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്നാണ് മനസിലാക്കുന്നതെന്നും എസ്പി പറഞ്ഞു.