26 August, 2025 04:25:08 PM
സ്ത്രീധന പീഡനം; അധ്യാപിക മൂന്നുവയസുകാരി മകളോടൊപ്പം തീകൊളുത്തി ആത്മഹത്യ ചെയ്തു

ജോധ്പൂർ: രാജസ്ഥാനിലെ ജോധ്പൂരിൽ സ്ത്രീധന പീഡനത്തെത്തുടർന്ന് മരണം. സ്കൂൾ അധ്യാപിക മകൾക്കൊപ്പം തീകൊളുത്തി മരച്ചു. അധ്യാപികയായ സഞ്ജു ബിഷ്‌ണോയ്(32), മകൾ യശ്വസി(3) എന്നിവരാണ് ജീവനൊടുക്കിയത്. സംഭവത്തിൽ സഞ്ജുവിന്റെ ഭർത്താവ് ദിലീപ് ബിഷ്‌ണോയിക്കെതിരെയും ഭർതൃമാതാപിതാക്കൾക്കെതിരേയും പൊലീസ് കേസെടുത്തു. സഞ്ജുവിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
ഓഗസ്റ്റ് 22-ന് സർനാദ കി ധനി പ്രദേശത്തെ വസതിയിൽ വെച്ചാണ് സംഭവം നടന്നതെന്നും മൂന്ന് വയസ്സുള്ള പെൺകുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചതായും പൊലീസ് പറഞ്ഞു. സഞ്ജു മഹാത്മാഗാന്ധി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 12 വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. സ്ത്രീധനമായി ഒരു കാറും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും നൽകിയിരുന്നുവെന്ന് യുവതിയുടെ പിതാവ് പറയുന്നു. തുടർച്ചയായ പീഡനമാണ് മകൾക്ക് നേരിടേണ്ടി വന്നത്. കുട്ടി ജനിച്ച ശേഷം സ്ഥിതി കൂടുതൽ വഷളായതായും പരാതിയിൽ പറയുന്നു.
അന്വേഷണത്തിനിടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു. ഇതിൽ ഭർത്താവും ഭർതൃവീട്ടുകാരും നടത്തിയ ഗുരുതരമായ പീഡന ആരോപണങ്ങൾ വിശദമായി പ്രതിപാദിച്ചിട്ടുണ്ടെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ നാഗേന്ദ്ര കുമാർ പറഞ്ഞു. യുവതിയുടെ മൊബൈൽ ഫോൺ പൊലീസ് ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.