24 August, 2025 07:26:38 PM


ട്രെയിൻ പാളത്തിൽ വന്ദേഭാരത് എക്‌സ്പ്രസിന് കല്ല് വെച്ച അഞ്ച് സ്കൂൾ വിദ്യാർഥികൾ പിടിയിൽ



കണ്ണൂർ: വന്ദേഭാരത് എക്സ്പ്രസ് കടന്നുപോകുമ്പോള്‍ റെയില്‍പ്പാളത്തില്‍ കല്ലുവച്ച അഞ്ച് സ്കൂൾ വിദ്യാർഥികൾ പിടിയിൽ. പുതിയതെരു സ്വദേശികളായ വിദ്യാര്‍ഥികളാണ് അറസ്റ്റിലായത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.23-ന് ചിറക്കല്‍ ഇരട്ടക്കണ്ണന്‍ പാലത്തിന് സമീപമാണ് സംഭവം. തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് എക്‌സ്പ്രസാണ് കല്ലില്‍ തട്ടി ഉലഞ്ഞത്.

ട്രെയിൻ കല്ലിൽ തട്ടി ഉലഞ്ഞതിനെ തുടർന്ന് ലോക്കോ പൈലറ്റ് അറിയച്ചതനുസരിച്ച് റെയില്‍വേ എസ്ഐ കെ. സുനില്‍കുമാര്‍, ആര്‍പിഎഫ് എഎസ്ഐ ഷില്‍ന ശ്രീരഞ്ജ്, ഉദ്യോഗസ്ഥരായ കെ.പി. ബൈജു, സി.പി. ഷംസുദ്ദീന്‍ എന്നിവര്‍ സ്ഥലത്തെത്തി. പോലീസ് നടത്തിയ അന്വേഷണത്തിൽ പാളത്തില്‍ ട്രെയിൻ കയറി കല്ലുകള്‍ പൊടിഞ്ഞതായി കണ്ടെത്തി.

അതേസമയം, കുട്ടികൾ പാളത്തിലൂടെ നടന്നുപോകുന്നത് കണ്ടതായി സമീപവാസികൾ മൊഴി നൽകിയിരുന്നു. ഇത് കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടികൾ പിടിയിലായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പാളത്തില്‍ കല്ലുവച്ചത് കുട്ടികൾ സമ്മതിച്ചതായി പോലീസ് അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K