15 August, 2025 06:27:01 PM


മുസ്ലിം ലീഗ് ആക്രമണം: 13 വർഷമായി കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ മരിച്ചു



കണ്ണൂർ‌: മുസ്ലിം ലീഗ് ആക്രമണത്തിൽ പരിക്കേറ്റ് 13 വർഷമായി കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ മരിച്ചു. അരിയിൽ വള്ളേരി മോഹനൻ (60) ആണ് കണ്ണൂർ എകെജി ആശുപത്രിയിൽ ഇന്നുരാവിലെ മരിച്ചത്. 

ആശാരിപ്പണിക്കാരനായ മോഹനനെ 2012 ഫെബ്രുവരി 21നാണ് ഒരു സംഘം ആക്രമിച്ചത്. അരിയിൽ ഷുക്കൂർ കൊലപാതകത്തിനു പിന്നാലെയാണ് മോഹനൻ ആക്രമിക്കപ്പെട്ടത്. മുസ്‌ലിം ലീഗ് പ്രവർത്തകരാണ് ആക്രമിച്ചതെന്നാണ് സിപിഎം ആരോപണം. 

തലയിലുൾപ്പടെ ശരീരമാസകലം വെട്ടേറ്റ മോഹനൻ ഗുരുതരാവസ്ഥയിലായിരുന്നു. വീട്ടിൽ നിന്നും പിടിച്ചിറക്കിക്കൊണ്ടു പോയാണ് ആക്രമിച്ചത്. മോഹനന്റെ മകനേയും വീടും ആക്രമിച്ചു. 

ഏറെക്കാലം ആശുപത്രിയിലായിരുന്ന മോഹനൻ പിന്നീട് അരിയിലിൽ നിന്ന് മാറി മാതമംഗലം ഭാഗത്ത് ബന്ധു വീട്ടിൽ താമസിക്കുകയായിരുന്നു. ആരോഗ്യനില വഷളായതോടെ കഴിഞ്ഞ ദിവസമാണ് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 941