07 August, 2025 10:51:00 AM
തമിഴ്നാട്ടിൽ കുടുംബപ്രശ്നം പരിഹരിക്കാനെത്തിയ എസ്ഐയെ വെട്ടിക്കൊന്നു; പ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ചെന്നൈ: തിരുപ്പൂരില്‍ എസ്ഐയെ വെട്ടിക്കൊന്ന കേസിലെ പ്രതി പൊലീസുമായുളള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. മണികണ്ഠനാണ് പൊലീസിന്റെ വെടിയേറ്റ് മരിച്ചത്. ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പ്രതിയുടെ ആക്രമണത്തില്‍ പരിക്കേറ്റ ഒരു പൊലീസുകാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കേസിലെ മറ്റ് രണ്ട് പ്രതികള്‍ ഇന്നലെ പൊലീസില്‍ കീഴടങ്ങിയിരുന്നു.
സ്‌പെഷ്യല്‍ എസ്ഐ ഷണ്‍മുഖവേൽ (57) ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. അച്ഛനും മക്കളും തമ്മിലുള്ള തര്‍ക്കം തീര്‍ക്കാനെത്തിയ എസ്ഐയെ അറസ്റ്റ് തടയുന്നതിനായി മകന്‍ ആക്രമിക്കുകയായിരുന്നു. ഇന്നലെയാണ് അണ്ണാഡിഎംകെ എംഎല്‍എയായ സി മഹേന്ദ്രന്റെ ഫാം ഹൗസില്‍ ജീവനക്കാരനും മക്കളും തമ്മില്‍ തര്‍ക്കമുണ്ടായത്. മദ്യപിച്ച് ബഹളമുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അയല്‍ക്കാരാണ് പൊലീസില്‍ വിവരമറിയിച്ചത്. മൂര്‍ത്തിയും മക്കളായ മണികണ്ഠനും തങ്കപാണ്ടിയുമാണ് മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയത്.
സംഭവം അന്വേഷിക്കാനായി ഷണ്‍മുഖവേൽ ഉൾപ്പെടെ മൂന്ന് പൊലീസുകാര്‍ സ്ഥലത്തെത്തി. അറസ്റ്റ് ചെയ്യുമെന്ന ഘട്ടമായപ്പോഴാണ് മണികണ്ഠന്‍ സമീപത്തുണ്ടായിരുന്ന അരിവാളെടുത്ത് ഷണ്‍മുഖവേലിനെ വെട്ടിയത്. കൂടെയുണ്ടായിരുന്ന പൊലീസുകാര്‍ ഉടന്‍ ഓടിരക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് കൂടുതല്‍ പൊലീസുകാര്‍ സ്ഥലത്തെത്തിയാണ് ബാക്കിയുള്ളവരെ അറസ്റ്റ് ചെയ്തത്. മണികണ്ഠനും സഹോദരനും ഓടിരക്ഷപ്പെട്ടു.