02 August, 2025 08:50:14 AM


കോഴിക്കോട് പശുവിനെ മേയ്‌ക്കാൻ പോയ വീട്ടമ്മ മരിച്ച നിലയിൽ; പശുവും ചത്തു



കോഴിക്കോട്: പശുക്കടവ് കോങ്ങാട് മലയിൽ പശുവിനെ മേയ്ക്കാന്‍ പോയ വീട്ടമ്മയെയും പശുവിനെയും മരിച്ച നിലവിൽ കണ്ടെത്തി. ചൂളപറമ്പില്‍ ഷിജുവിന്റെ ഭാര്യ ബോബിയെയും (43) അവരുടെ വളര്‍ത്തുപശുവിനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച പശുവിനെ മേയ്ക്കാന്‍ പോയ ബോബി രാത്രി വൈകിയും തിരിച്ചെത്താത്തതിനെ തുടർന്ന് വനംവകുപ്പും പോലീസും ഫയർഫോഴ്സും കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേന പ്രവർത്തകരും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

രാത്രി 12 മണിയോടെ വനാതിർത്തിയ്ക്ക് സമീപം ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം, ബോബിയുടെ ശരീരത്തിൽ പരിക്കുകളൊന്നുമില്ലെന്ന് പോലീസ് അറിയിച്ചു. പശുവിന്റെ ശരീരത്തിലും പരിക്കുകൾ ഇല്ല. ബോബിയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K