01 August, 2025 01:11:20 PM


ബി​​ഹാറിൽ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കുട്ടികളുടെ മൃതദേഹം



പട്ന : ബി​​ഹാറിൽ വീടിനുള്ളിൽ രണ്ടു കുട്ടികളുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. സഹോ​ദരങ്ങളായ അജ്‍ഞലി കുമാരി (15) അൻഷുൽ കുമാർ (10) എന്നിവരെയാണ് മുറിയിലെ കിടക്കയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജാനിപുരിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടികൾ കിടന്നിരുന്ന കിടക്ക പൂർണ്ണമായും കത്തിനശിച്ചിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ മാതാവാണ് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മരണം കൊലപാതകമാണെന്നാണ് കുടുംബത്തിൻ്റെ ആരോപണം. വീടിനടുത്ത് രണ്ടോ മൂന്നോ പുരുഷന്മാരെ കണ്ടിരുന്നു‌വെന്നും അതിന് ശേഷമാണ് ഞങ്ങളുടെ കുട്ടികളെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്നും മാതാവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അപകടമാണെങ്കിൽ കുട്ടികൾ ജീവനുവേണ്ടി ഓടുമായിരുന്നുവെന്നും വാതിൽ തുറക്കാൻ പോലും ശ്രമം ഉണ്ടായില്ലയെന്നും മാതാവ് പറഞ്ഞു.

കൊലപാതകം നടത്തിയ ശേഷം കുട്ടികളുടെ മൃതദേഹങ്ങൾ കത്തിച്ചതാണെന്ന് പിതാവ് ലല്ലൻ ഗുപ്ത മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ആരോപിച്ചു. മുഖ്യമന്ത്രിയുടെയോ ഉന്നത ഉദ്യോഗസ്ഥന്റെയോ കുടുംബത്തിൽ നിന്നുള്ള ഒരാളായിരുന്നുവെങ്കിൽ പൊലീസ് അന്വേഷണം വേഗത്തിലാകുകയും പ്രതികളെ പിടികൂടുകയും ചെയ്യുമായിരുന്നെന്നും ഗുപ്ത പറഞ്ഞു. പൊലീസ് ഉടനെ തന്നെ പ്രതികളെ പിടികൂടണമെന്നും ഗുപ്ത ആവശ്യപ്പെട്ടു.

സംഭവത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു. അവരുമായി വളരെ അടുപ്പമുള്ള ആരെങ്കിലും ഈ സംഭവത്തിൽ ഉൾപ്പെട്ടിരിക്കാമെന്നും പുറത്തുനിന്നുള്ള ഒരാൾ സംഭവത്തിൽ ഉൾപ്പെട്ടിരുന്നെങ്കിൽ സമീപത്തുള്ള ആരെങ്കിലും ഇത് കാണുമായിരുന്നുവെന്നും പട്‌ന സിറ്റി എസ്പി വെസ്റ്റ് ഭാനു പ്രതാപ് സിംഗ് ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

അന്വേഷണത്തിൽ കൂടുതൽ സഹായകമാകുന്നതിനായി തെളിവുകൾ ശേഖരിക്കുന്നതിനായി ഫോറൻസിക് സംഘത്തെയും ഡോഗ് സ്ക്വാഡിനെയും നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചുവെന്നും പൊലീസ് അറിയിച്ചു. പിതാവ് ലല്ലൻ ഗുപ്ത പ്രാദേശിക തെരഞ്ഞെടുപ്പ് ഓഫീസിലെ ജീവനക്കാരനാണ് ഭാര്യ പട്നയിലെ എയിംസിലാണ് ജോലി ചെയ്യുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 931