28 July, 2025 12:15:32 PM
യുപിയിലെ ക്ഷേത്രത്തില്‍ വൈദ്യുതി കമ്പി പൊട്ടിവീണു; തിക്കിലും തിരക്കിലും 2 മരണം

ലഖ്‌നൗ: ഉത്തർപ്രദേശിൽ ക്ഷേത്രത്തിന് പുറത്ത് വൈദ്യുത വയർ പൊട്ടിവീണതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും രണ്ട് പേർ മരിച്ചു. ഒരു തകര ഷെഡ്ഡിൽ വൈദ്യുത വയർ പൊട്ടിവീണതാണ് അപകട കാരണം എന്നാണ് റിപ്പോർട്ട്. സംഭവത്തിൽ 40ഓളം പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ചെ ഉത്തർപ്രദേശിലെ ബരാബങ്കിയിലെ ഹൈദർഗഢിലെ അവ്സനേശ്വർ മഹാദേവ ക്ഷേത്രത്തിന് പുറത്താണ് അപകടമുണ്ടായത്.
വിശേഷ ദിവസമായ തിങ്കളാഴ്ച ക്ഷേത്രത്തിൽ ധാരാളം ഭക്തർ എത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതിനിടെ മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞതായാണ് റിപ്പോർട്ട്. ഇരുവരെയും ത്രിവേദിഗഞ്ച് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ ഇരുവരും മരിച്ചുവെന്നാണ് റിപ്പോർട്ട്.
ജലാഭിഷേക ചടങ്ങിനായി പുലർച്ചെ മൂന്ന് മണിയോടെയാണ് നിരവധി ഭക്തർ ക്ഷേത്രത്തിൽ തടിച്ചുകൂടിയതെന്നാണ് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കുരങ്ങുകൾ പഴയ വൈദ്യുത വയർ തകർത്തതാണ് വൈദ്യുതാഘാതം ഏൽക്കാൻ കാരണമെന്നാണ് ജില്ലാ മജിസ്ട്രേറ്റ് ശശാങ്ക് ത്രിപാഠിയെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. സാവൻ മാസത്തിലെ മൂന്നാം തിങ്കളാഴ്ച ഭക്തർ ഇവിടെ ദർശനത്തിനായി ഒത്തുകൂടിയിരുന്നു. ചില കുരങ്ങുകൾ മുകളിലൂടെയുള്ള വൈദ്യുത വയറുകളിലൂടെ ചാടി. ഇത് പൊട്ടി ടിൻ ഷെഡ്ഡിലേക്ക് വീണു. ഇതിനെ തുടർന്ന് ഏകദേശം 19 പേർക്ക് വൈദ്യുതാഘാതമേറ്റു എന്നാണ് ത്രിപാഠി വ്യക്തമാക്കിയിരിക്കുന്നത്.