27 July, 2025 09:03:17 PM


മലപ്പുറത്ത് തോട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിക്ക് ഷോക്കേറ്റ് ദാരുണാന്ത്യം



മലപ്പുറം: മലപ്പുറം വേങ്ങര വെട്ട്‌തോട് തോട്ടില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു. കണ്ണമംഗലം അച്ഛനമ്പലം സ്വദേശി പുള്ളാട്ട് മുഹമ്മദ് വദൂദ് (18) ആണ് മരിച്ചത്. ശക്തമായ മഴയില്‍ തോടിനോട് ചേര്‍ന്ന് പൊട്ടിവീണ കമ്പിയില്‍ നിന്നാണ് മുഹമ്മദ് വദൂദിന് ഷോക്കേറ്റത്. ഇന്ന് വെെകിട്ടാണ് സംഭവം.

സുഹൃത്തുക്കളോടൊപ്പം തോട്ടിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു മുഹമ്മദ് വദൂദ്. താഴ്ഭാഗത്തേക്ക് നീന്തി പോയി കരയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. കനത്ത മഴയെ തുടർന്ന് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്നാണ് ഷോക്കേറ്റത്.

സമീപത്തെ പറമ്പിലൂടെ പുഴയുടെ ഒരു ഭാഗത്തേക്കാണ് വൈദ്യുതി കമ്പി വീണ് കിടന്നിരുന്നത്. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് വദൂദിനെ ഉടനെ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്കു വിട്ടുനൽകും.

 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K